നവീൻ ബാബുവിൻ്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണ്ട; കുടുംബത്തിനുള്ള പിൻതുണയിൽ യൂടേണടിച്ച് സി.പിഎം
പാർട്ടി സംസ്ഥാന നേതൃത്വം സി.ബി.ഐ അന്വേഷണത്തെ എതിർത്തതോടെ നവീൻ ബാബുവിൻ്റെ കുടുംബത്തിന് ശക്തമായ പിൻതുണ നൽകിയിരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയും പിൻവലിഞ്ഞിട്ടുണ്ട്.
കണ്ണൂർ: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ കുടുംബം സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത് സി.പി.എമ്മിൽ അതൃപ്തിയുണ്ടാക്കുന്നു. പുറമേ നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണെന്ന് പറയുമ്പോഴും സി.ബി.ഐ അന്വേഷണ ആവശ്യത്തെ തള്ളിക്കളയുകയാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
സി.ബി.ഐയിൽ വിശ്വാസമില്ലെന്നും അവർ കൂട്ടിലടച്ച തത്തയാണെന്നുമാണ് എം.വി ഗോവിന്ദൻ്റെ വാദം. പാർട്ടി സംസ്ഥാന നേതൃത്വം സി.ബി.ഐ അന്വേഷണത്തെ എതിർത്തതോടെ നവീൻ ബാബുവിൻ്റെ കുടുംബത്തിന് ശക്തമായ പിൻതുണ നൽകിയിരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയും പിൻവലിഞ്ഞിട്ടുണ്ട്.
കണ്ണൂർ ജില്ലാ നേതൃത്വം നേരത്തെ തന്നെ ആത്മഹത്യാ പ്രേരണ കേസിൽ പ്രതിയായ പി.പി ദിവ്യയോടൊപ്പമാണ് നിൽക്കുന്നത്. നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പമാണ് തങ്ങളെന്ന് പറയുമ്പോഴും എ.ഡി.എം കൈക്കൂലി വാങ്ങിയെന്നും ഇല്ലെന്നും രീതിയിൽ രണ്ട് വാദങ്ങളുണ്ടെന്നാണ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ്റെ പരാമർശം.
പി.പി ദിവ്യ ജയിലിൽ നിന്നും പുറത്തിറങ്ങുമ്പോൾ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ ഭാര്യ പി.കെ. ശ്യാമള ഉൾപ്പെടെ സ്വീകരിക്കാനെത്തിയിരുന്നു. ഡിസംബർ ആറിന് നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണത്തെ സർക്കാർ എതിർക്കുമെന്നാണ് സൂചന. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ അന്വേഷണം തൃപ്തികരമാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചാൽ സി.ബി.ഐ അന്വേഷണത്തിനായി നിയമയുദ്ധത്തിന് കളമൊരുങ്ങും.
സംഭവത്തിൻ്റെ തുടക്കത്തിൽ നവീൻ ബാബുവിൻ്റെ കുടുംബത്തിന് കരുതലും കൈത്താങ്ങുമായി നിന്ന സി.പി.എം യൂടേണടിച്ചതോടെ സംഭവത്തിന് രാഷ്ട്രീയ മാനവും കൈവന്നിട്ടുണ്ട്. അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് തുടർപ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്.