ഇതാ മറ്റൊരു മോദി ഗ്യാരന്റി, നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ബിഎസ്എന്‍എല്ലിന്റെ കേരളത്തിലെ ഭൂമി ചുളുവിലയ്ക്ക് വിറ്റഴിക്കുന്നു, ടവറുകളും ഫൈബറുകളും റിലയന്‍സിന്

BSNL
BSNL

കേരളത്തിലെ ബിഎസ്എന്‍എല്‍-ന്റെ ഉടമസ്ഥതയിലുള്ള 28 കേന്ദ്രങ്ങളുടെ 30.5 ഏക്കര്‍ ഭൂമി ചുളുവിലയ്ക്ക് വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കംകുറിച്ചു കഴിഞ്ഞു.

കൊച്ചി: രാജ്യത്ത് ഒരുകാലത്ത് വന്‍ കുതിപ്പ് നടത്തിയ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെ സ്വത്തുക്കള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. കേരളത്തിലെ ബിഎസ്എന്‍എല്‍ ന്റെ ഉടമസ്ഥതയിലുള്ള 28 കേന്ദ്രങ്ങളുടെ 30.5 ഏക്കര്‍ ഭൂമി ചുളുവിലയ്ക്ക് വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കംകുറിച്ചതായി മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കാര്യക്ഷമമല്ലാത്ത പ്രവര്‍ത്തനവും ഉപഭോക്തൃസൗഹൃദവുമല്ലാതായതുമാണ് ബിഎസ്എന്‍എല്ലിന് തിരിച്ചടിയായത്. സ്വകാര്യ കമ്പനികളുടെ വരവോടെ പൊതുമേഖലാ സ്ഥാപനത്തിന്റെ പതനം വേഗത്തിലായി. ബിഎസ്എന്‍എല്‍ ലാന്‍ഡ്‌ഫോണുകളും ബ്രോഡ്ബാന്‍ഡുകളും ഉപേക്ഷിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാവുകയായിരുന്നു. നഷ്ടത്തിലായതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് വിആര്‍എസ് നല്‍കി പിടിച്ചുനില്‍ക്കാനായിരുന്നു ശ്രമമെങ്കിലും മൊബൈല്‍ സേവനം മാത്രമായി ചുരുങ്ങാന്‍ തുടങ്ങിയതോടെ ഭൂമി വിറ്റഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍, കൊല്ലം, ആലുവ, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഭൂമിക്ക് സെന്റിന് ശരാശരി 2.15 ലക്ഷം രൂപ വില മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുപുറമേ ബിഎസ്എന്‍എല്ലിന്റെ 4000 മൊബൈല്‍ ടവറുകള്‍ റിലയന്‍സ് ജിയോക്ക് പാട്ടത്തിന് കൊടുക്കാനുള്ള തീരുമാനവും ആയിട്ടുണ്ട്. ഇതുപോലെ തന്നെ ഫൈബര്‍ ഓപ്ടിക് നെറ്റുവര്‍ക്കും ജിയോക്ക് ലഭ്യമാക്കും.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

കേരളത്തിലെ ബിഎസ്എന്‍എല്‍-ന്റെ ഉടമസ്ഥതയിലുള്ള 28 കേന്ദ്രങ്ങളുടെ 30.5 ഏക്കര്‍ ഭൂമി ചുളുവിലയ്ക്ക് വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തുടക്കംകുറിച്ചു കഴിഞ്ഞു. ഓരോ കേന്ദ്രത്തിലും നിലവിലുള്ള എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഭൂമി കിഴിച്ച് മിച്ചം വരുന്ന ഭൂമി ആണത്രേ ഇത്. എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍, കൊല്ലം, ആലുവ, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഭൂമിക്കാണ് സെന്റിന് ശരാശരി 2.15 ലക്ഷം രൂപ വില നിശ്ചയിച്ചിരിക്കുന്നത്.

ബിഎസ്എന്‍എല്‍, എംടിഎന്‍എംഎല്‍ തുടങ്ങിയവ തങ്ങളുടെ സ്വത്തുക്കള്‍ മോണിറ്റൈസ് ചെയ്യുന്നതില്‍ കാലതാമസം വരുത്തുന്നതിനെ വിമര്‍ശിച്ചുകൊണ്ട് ഏതാനും മാസങ്ങള്‍ക്കു മുമ്പ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കത്ത് അയച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് 28 കേന്ദ്രങ്ങളുടെ ഭൂമിയും അവയുടെ വാല്യുവേഷന്‍ വിലയും തയ്യാറാക്കിക്കൊണ്ട് വീണ്ടും കത്ത് അയച്ചത്. (കേരളത്തിലെ ബിഎസ്എന്‍എല്‍ കേന്ദ്രങ്ങളില്‍ വില്പനയ്ക്ക് ഉദ്ദേശിക്കുന്ന ഭൂമിയുടെ ലിസ്റ്റ് ആദ്യ കമന്റില്‍).

സംസ്ഥാന സര്‍ക്കാരിനെ ഈ നീക്കത്തെക്കുറിച്ച് അറിയിക്കാന്‍പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതിന് അവര്‍ക്ക് നിയമപരമായ അവകാശം ഇല്ല. ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ സെക്ഷന്‍ 3 (f) (iv) പ്രകാരമുള്ള ''പൊതു ആവശ്യ''ത്തിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയിട്ടുള്ള ഭൂമിയാണിത്. കേന്ദ്ര സര്‍ക്കാരിന്റെ കമ്പനികള്‍ക്കുവേണ്ടി മാത്രം ഉപയോഗപ്പെടുത്താനുള്ള ഈ ഭൂമിയാണ് സ്വകാര്യമേഖലയ്ക്ക് തീറെഴുതാന്‍ നിശ്ചയിച്ചിട്ടുള്ളത്. ഇത് തികച്ചും നിയമവിരുദ്ധമാണ്.

ഇതിനുപുറമേ ബിഎസ്എന്‍എല്ലിന്റെ 4000 മൊബൈല്‍ ടവറുകള്‍ റിലയന്‍സ് ജിയോക്ക് പാട്ടത്തിന് കൊടുക്കാനുള്ള തീരുമാനവും ആയിട്ടുണ്ട്. ഇതുപോലെ തന്നെ ഫൈബര്‍ ഓപ്ടിക് നെറ്റുവര്‍ക്കും ജിയോക്ക് ലഭ്യമാക്കും. ബിഎസ്എന്‍എല്ലിന്റെ വാണിജ്യ എതിരാളിയായിട്ടുള്ള ജിയോയ്ക്ക് അനുകൂലമായ വ്യവസ്ഥകളിലാണ് ഈ കരാര്‍ ഉണ്ടാക്കാന്‍ നീക്കം.

ടെലികോം പൊതുമേഖലയെ തകര്‍ക്കുന്നതിന് ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന കുത്സിത നീക്കങ്ങളുടെ ഏറ്റവും അവസാനത്തെ അധ്യായമാണ് സ്വത്തുക്കളുടെ വില്പനയും ബിഎസ്എന്‍എല്ലിന്റെ ടവറുകളും മറ്റും സ്വകാര്യ എതിരാളികള്‍ക്ക് പാട്ടത്തിന് കൊടുക്കുന്നതും.

 

Tags