വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവരിൽ 20 ശതമാനത്തോളം പേർ ദർശനത്തിന് എത്തുന്നില്ല; ശബരിമലയിൽ വൻ പ്രതിസന്ധി
പി വി സതീഷ് കുമാർ
ശബരിമല: ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്യുന്നവരിൽ ഇരുപത് ശതമാനത്തോളം പേർ ദർശനത്തിന് എത്താത്തത് വൻ പ്രതിസന്ധി സൃഷ്ടിക്കുന്നു. ബുക്ക് ചെയ്ത ദിവസം ദർശനത്തിന് എത്താൻ സാധിക്കാത്തവർ ബുക്കിങ് ക്യാൻസൽ ചെയ്യണമെന്ന ദേവസ്വം ബോർഡിന്‍റെ ആഹ്വാനം പാലിക്കപ്പെടാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
അതേസമയം, തത്സമയ ബുക്കിങ് ഓരോ ദിവസം കഴിയും തോറും കൂടി വരികയാണ്. പ്രതിദിനം എഴുപതിനായിരം ആളുകൾക്കാണ് വെർച്വൽ ക്യൂ വഴി പരമാവധി ബുക്ക് ചെയ്യാൻ കഴിയുന്നത് . നിലവിൽ ഡിസംബർ ഏഴ് വരെയുള്ള ബുക്കിങ് അവസാനിച്ചു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും ശനിയാഴ്ചയും തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുണ്ടായത്.
നേരത്തെ തന്നെ ബുക്കിങ് പൂർത്തിയായതോടെ പുതുതായി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്കും ഉദ്ദേശിച്ച സമയത്ത് ദർശനം കിട്ടുന്നില്ല. മൂന്നിടങ്ങളിൽ തത്സമയ ബുക്കിങ്ങ് സൗകര്യമുണ്ടെങ്കിലും എത്തിയാൽ ദർശനം കിട്ടാതെ മടങ്ങിപോകേണ്ടി വരുമോ എന്ന ആശങ്കയും ചില തീർത്ഥാടകർക്ക് ഇടയിൽ നിലനിൽക്കുന്നുണ്ട്.