സ്‌പെക്ട്രം കേസിനേക്കാള്‍ ഞെട്ടിക്കുന്ന അഴിമതിയോ?, 150 കോടി രൂപയുടെ ബോണ്ട് ബിജെപിക്ക് നല്‍കിയതിന് പിന്നാലെ എയര്‍ടെല്ലിന് ഉപഗ്രഹ അംഗീകാരം

google news
bharti airtel

ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്തെ വമ്പന്‍ അഴിമതിയെന്ന് ആരോപിക്കപ്പെട്ടതാണ് സ്‌പെക്ട്രം അഴിമതി. ഇപ്പോഴിതാ ഭാരതി എയര്‍ടെല്ലിന് ഉപഗ്രഹ അംഗീകാരം നല്‍കിയത് ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് നല്‍കിയതിന് പിന്നാലെയാണെന്ന് തെളിയിക്കുന്ന വിവരങ്ങളുമായി മാധ്യമസ്ഥാപന കൂട്ടായ്മ രംഗത്തെത്തി. ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തുവന്ന ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ ക്രോഡീകരിച്ചപ്പോഴാണ് ഭാരതി എയര്‍ടെല്‍ ബിജെപിക്ക് 150 കോടി രൂപ നല്‍കിയതും തൊട്ടുപിന്നാലെ ഉപഗ്രഹ അംഗീകാരം നല്‍കിയതും വ്യക്തമാകുന്നത്.

2023 നവംബര്‍ ഒമ്പതിന് ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് 100 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങുകയും ആ ബോണ്ടുകള്‍ മുഴുവന്‍ ബിജെപിക്ക് സംഭാവനയായി നല്‍കുകയും ചെയ്തിരുന്നു. നവംബര്‍ 13ന് ബി.ജെ.പി എല്ലാ ബോണ്ടുകളും പണമാക്കി മാറ്റി. എട്ട് ദിവസത്തിന് ശേഷം നവംബര്‍ 21ന് ഇന്ത്യയുടെ ബഹിരാകാശ നിയന്ത്രണത്തില്‍നിന്ന് ഉപഗ്രഹ അംഗീകാരം നേടുന്ന ആദ്യ കമ്പനിയായി ഭാരതി ഗ്രൂപ്പിന് മുഖ്യ ഓഹരി പങ്കാളിത്തമുള്ള വണ്‍വെബ് മാറി. ഇതോടെ സര്‍ക്കാറില്‍ നിന്ന് സാറ്റലൈറ്റ് സ്‌പെക്ട്രം ലഭിക്കാന്‍ വണ്‍വെബ് യോഗ്യത നേടി.

2023 ഡിസംബറില്‍, പാര്‍ലമെന്റിലൂടെ ഒരു പുതിയ ടെലികോം നിയമം തിടുക്കപ്പെട്ട് അവതരിപ്പിച്ചു. ദേശസുരക്ഷ കണക്കിലെടുത്ത് ടെലികോം സേവനങ്ങളുടെ നിയന്ത്രണം താല്‍ക്കാലികമായി സര്‍ക്കാറിന് ഏറ്റെടുക്കാന്‍ അനുവദിക്കുന്നതടക്കമുള്ള പരിഷ്‌കാരങ്ങളടങ്ങിയതായിരുന്നു ബില്‍. ലേലം നടത്താതെ സാറ്റലൈറ്റ് സ്‌പെക്ട്രം അനുവദിക്കുന്നതടക്കമുള്ള കാര്യങ്ങളും പുതിയ നിയമത്തിലുണ്ട്.

ഇതോടെ അഡ്മിനിസ്‌ട്രേറ്റീവ് ഓര്‍ഡറിലൂടെ സാറ്റലൈറ്റ് സ്‌പെക്ട്രം വിതരണം ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കും. ഇത് മത്സരാധിഷ്ഠിത ലേലത്തിന്റെ ആവശ്യകതയും ഇല്ലാതാക്കി. ലേലപ്രക്രിയയില്‍ നിന്ന് മാറാന്‍ ജുഡീഷ്യല്‍ അനുമതി തേടി സുപ്രീം കോടതിയില്‍ ഒരു റഫറന്‍സും ഫയല്‍ ചെയ്തു.

ലോക്‌സഭയില്‍ ഡിസംബര്‍ 20ന് ശബ്ദവോട്ടോടെ പാസായ ബില്‍ ഒരു ദിവസത്തിന് ശേഷം രാജ്യസഭയും പാസാക്കി. ഇരുസഭകളില്‍നിന്നും 143 പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത് ബില്‍ പാസാക്കുന്ന കാര്യം ബിജെപിക്ക് എളുപ്പമാക്കി. ക്രിസ്മസ് തലേന്ന് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവച്ചു.

കാര്യങ്ങളെല്ലാം പ്രതീക്ഷിച്ച രീതിയില്‍ തന്നെ നടന്നതോടെ പുതുവര്‍ഷത്തില്‍ ഭാരതി എയര്‍ടെല്‍ ലിമിറ്റഡ് 50 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ കൂടി വാങ്ങി ബിജെപിക്ക് നല്‍കുകയും പാര്‍ട്ടി അത് ജനുവരി 12-ന് കാശാക്കി മാറ്റുകയും ചെയ്തു.

പുതിയ നിയമത്തിന് മുന്നോടിയായി, സാറ്റലൈറ്റ് സ്‌പെക്ട്രം ലഭിക്കാനുള്ള രണ്ട് കടമ്പകളും ഒരു കമ്പനി മാത്രമാണ് മറികടന്നത്. ഭാരതി ഗ്രൂപ്പിന് കീഴിലെ വണ്‍വെബ് ഇന്ത്യക്ക് സ്‌പെക്ട്രത്തിന് അപേക്ഷിക്കാന്‍ ആവശ്യമായ ലൈസന്‍സും ബഹിരാകാശ അംഗീകാരവും ലഭിച്ചു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂട്ടെല്‍സാറ്റ് വണ്‍വെബിന്റെ അന്താരാഷ്ട്ര ഉപഗ്രഹ കമ്പനിയുടെ ഇന്ത്യന്‍ ഉപസ്ഥാപനമാണ് വണ്‍വെബ് ഇന്ത്യ. യൂട്ടെല്‍സാറ്റ് വണ്‍വെബിന്റെ ഏറ്റവും വലിയ ഓഹരി ഉടമ ടെലികോം സേവന ദാതാവായ എയര്‍ടെല്ലിന്റെ മാതൃ കമ്പനിയായ ഭാരതി എന്റര്‍പ്രൈസസ് ആണ്.

2021 ആഗസ്റ്റ് 24നാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍നിന്ന് സാറ്റലൈറ്റ് ലൈസന്‍സ് മുഖേനയുള്ള ഗ്ലോബല്‍ മൊബൈല്‍ പേഴ്സണല്‍ കമ്മ്യൂണിക്കേഷന്‍സ് ലഭിക്കുന്ന ആദ്യത്തെ കമ്പനിയായി വണ്‍വെബ് മാറിയത്. 2023 നവംബര്‍ 21ന്, ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ 'ഇന്‍-സ്പേസ് സാറ്റലൈറ്റ് കപ്പാസിറ്റി' ഉപയോഗിക്കാന്‍ അംഗീകാരം നല്‍കി. ഇതുവരെ ഈ അംഗീകാരം ലഭിച്ച ഒരേയൊരു കമ്പനിയാണിത്.

ഭാരതി എന്റര്‍പ്രൈസസിന് പുറമേ ബ്രിട്ടീഷ് സര്‍ക്കാര്‍, ഫ്രഞ്ച് സാറ്റലൈറ്റ് ദാതാവായ യൂട്ടെല്‍സാറ്റ്, ജാപ്പനീസ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് സോഫ്റ്റ്ബാങ്ക് എന്നിവയും വണ്‍വെബിന്റെ ഓഹരി ഉടമകളില്‍ ഉള്‍പ്പെടുന്നു. വിദേശ കമ്പനികള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ വണ്‍വെബ് സാറ്റലൈറ്റ് സ്‌പെക്ട്രം ലഭിക്കാനുള്ള യോഗ്യത നേടിയത് രാജ്യ സുരക്ഷയെ ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ന്യൂസ്ലൗണ്ട്രി, സ്‌ക്രോള്‍, ദി ന്യൂസ് മിനിറ്റ് എന്നീ മാധ്യമസ്ഥാപനങ്ങളും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സഹകരണ പദ്ധതിയുടെ ഭാഗമായാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

 

Tags