വിശ്വസിച്ച് ഒന്നും വാങ്ങാനാകാത്ത സ്ഥിതി, മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന പച്ചക്കറികളിലെ കീടനാശിനി അതിവേഗം ഇല്ലാതാക്കാം, ഇതാ ചില മാര്‍ഗങ്ങള്‍

Fruit and Vegetables

വിഷരഹിത പച്ചക്കറികളിലേക്ക് മലയാളികള്‍ അതിവേഗം മാറുന്നുണ്ടെങ്കിലും കേരളത്തിന് പുറത്തുനിന്നും ദിവസവും ടണ്‍ കണക്കിന് പച്ചക്കറികളാണ് ഇവിടേക്കെത്തുന്നത്. മികച്ച വിളവ് ലഭിക്കാനും ദിവസങ്ങളോളം കേടാകാതെ സൂക്ഷിക്കാനും ഇവയില്‍ കീടനാശിനികള്‍ തളിക്കുകയും പതിവാണ്. കീടനാശിനികള്‍ തളിച്ചെത്തുന്ന പച്ചക്കറികള്‍ നേരിട്ട് കഴിച്ചാല്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യും. എന്നാല്‍, ഇവയിലെ കീടനാശിനികള്‍ കഴുകിക്കളയാന്‍ പല മാര്‍ഗങ്ങളുമുണ്ട്.

പച്ചക്കറികളില്‍ നിരന്തരം കീടനാശിനികളുടെ അവശിഷ്ടം കണ്ടെത്തിയതോടെ കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായണിയിലെ കീടനാശിനി അവശിഷ്ട പരിശോധനശാല വര്‍ഷങ്ങളോളം നടത്തിയ പഠനത്തില്‍ ചില എളുപ്പ മാര്‍ഗങ്ങള്‍ കണ്ടെത്തി. ഈ മാര്‍ഗങ്ങളുപയോഗിച്ച് വീട്ടില്‍വെച്ചുതന്നെ കീടനാശിനി ഇല്ലാതാക്കാം.

വിനാഗിരി, വാളന്‍പുളി, കറിയുപ്പ്, മഞ്ഞള്‍പ്പൊടി, ചെറുനാരങ്ങ എന്നിവ ഉപയോഗിച്ച് കീടനാശിനി ഇല്ലാതാക്കാം. 60% വരെ കീടനാശിനിയുടെ അവശിഷ്ടം ഈ മാര്‍ഗത്തിലൂടെ നീക്കാം. 50 മുതല്‍ 99 % വരെ കീടനാശിനി അവശിഷ്ടം നീക്കാവുന്ന വെജ്ജി വാഷ് എന്ന ഉല്‍പന്നവുംം കാര്‍ഷിക സര്‍വകലാശാല നേരത്തെ വികസിപ്പിച്ചിട്ടുണ്ട്.

കറിവേപ്പില, പുതിനയില, പച്ചമുളക്, സാമ്പാര്‍ മുളക്, കാപ്പസിക്കം, വഴുതന, സലാഡ്, വെള്ളരി, തക്കാളി, ബീന്‍സ്, അമരക്ക, നെല്ലിക്ക, കോവക്ക, പാവക്ക, വെണ്ടക്ക തുടങ്ങിയ ഇനങ്ങള്‍ വിനാഗിരി ലായനിയിലോ (10 മില്ലി/ ലിറ്റര്‍ വെള്ളം), വാളന്‍ പുളി ലായനിയിലോ (10 ഗ്രാം വാളന്‍ പുളി/ലിറ്റര്‍ വെള്ളത്തില്‍ പിഴിഞ്ഞ്) അരിച്ച ലായനിയില്‍ പത്തു മിനിറ്റ് മുക്കിവച്ചശേഷം ശുദ്ധജലത്തില്‍ രണ്ടു തവണ കഴുകുക. മല്ലിത്തണ്ട് വിനാഗിരി ലായനിയിലോ ഉപ്പ് ലായനിയിലോ (10 ഗ്രാം/ലീറ്റര്‍ വെള്ളം) 10 മിനിറ്റ് മുക്കിവച്ചശേഷം വെള്ളത്തില്‍ രണ്ടു തവണ കഴുകുക.

ചീരത്തണ്ടിനു വിനാഗിരി ലായനിയോ വാളന്‍പുളി ലായനിയോ ഉപയോഗിക്കാം. കോളിഫ്‌ലവറിന്റെ അടിയിലെ ഇലയും തണ്ടും വേര്‍പെടുത്തി ഇതളുകള്‍ അടര്‍ത്തിയെടുത്ത് ഉപ്പ് ലായനിയില്‍ മുക്കിവച്ചശേഷം രണ്ടു തവണ കഴുകിയാല്‍ 60% വരെ വിഷാംശം കളയാം.

Tags