ബെംഗളുരുവൊ ലണ്ടനോ മികച്ചത്?, സോഷ്യല്‍ മീഡിയയില്‍ വൈറലായി ടെക്കിയുടെ വെളിപ്പെടുത്തല്‍

Sayani
Sayani

മികച്ച വരുമാനവും കൂടുതല്‍ സൗകര്യങ്ങളും ലഭിക്കുന്നതിനാല്‍ വിദേശത്തേക്ക് എത്താന്‍ വിദ്യാര്‍ത്ഥികളായിരിക്കുമ്പോഴേ ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് പലരും.

ലണ്ടന്‍: ഇന്ത്യന്‍ നഗരങ്ങളിലെ ജോലി ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളില്‍ കുടിയേറുന്ന പ്രൊഫഷണല്‍മാരുടെ എണ്ണം ഓരോ ദിവസവും ഏറിവരികയാണ്. മികച്ച വരുമാനവും കൂടുതല്‍ സൗകര്യങ്ങളും ലഭിക്കുന്നതിനാല്‍ വിദേശത്തേക്ക് എത്താന്‍ വിദ്യാര്‍ത്ഥികളായിരിക്കുമ്പോഴേ ശ്രമിച്ചുകൊണ്ടിരിക്കുന്നവരാണ് പലരും.

അടുത്തിടെ ബെംഗളുരു വിട്ട് ലണ്ടനിലെത്തിയ യുവതി തന്റെ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ചര്‍ച്ചക്കിയടാക്കിയിരിക്കുകയാണ്. ലണ്ടനിലെ ഉയര്‍ന്ന ജീവിതച്ചെലവുകള്‍ക്കിടയിലും ജീവിതം ഏറെ സന്തോഷകരമാണെന്നാണ് ടെക്കിയുടെ വെളിപ്പെടുത്തല്‍.

ലണ്ടനിലേക്ക് സ്ഥലം മാറിയത് തന്നെ പൊതുവെ സന്തോഷിപ്പിച്ചിട്ടുണ്ടെന്ന് സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ സയാനി പറയുന്നു. ഒരു പ്രത്യേക കാരണം ചൂണ്ടിക്കാണിക്കാനായില്ലെങ്കിലും, ഏതാനും മാസങ്ങള്‍ക്കുമുമ്പ് ലണ്ടനിലേക്ക് മാറിയത് മുതല്‍ തന്റെ മൊത്തത്തിലുള്ള സന്തോഷം വര്‍ദ്ധിച്ചതായി സയാനി വെളിപ്പെടുത്തി.

ലണ്ടനിലെ ശുദ്ധവായുവും തെരുവുകളും സന്തോഷം നല്‍കുന്നതാണെന്നാണ് ചിലരുടെ പ്രതികരണം. സയാനി അത് സമ്മതിക്കുകയും സുരക്ഷയും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളില്‍ തിരക്കേറിയ പൊതുഗതാഗത സംവിധാനങ്ങളും ആള്‍ക്കൂട്ടങ്ങളിലെ അനുഭവങ്ങളും അവര്‍ തുറന്നുപറഞ്ഞു. ലണ്ടനിലെ പൊതുഗതാഗത സംവിധാനം ഏറെ വ്യത്യസ്തമാണ്. അവിടെ തനിക്ക് കൂടുതല്‍ സുരക്ഷിതത്വം തോന്നിയെന്ന് സയാനി പറഞ്ഞു.

ലണ്ടനിലെ കുപ്രസിദ്ധമായ കാലാവസ്ഥ ജീവിതം ദുര്‍ഘടകമാക്കുമെന്ന അഭിപ്രായക്കാരുണ്ട്. എന്നാല്‍, സയാനി ഇതൊരു ചെറിയ പ്രശ്നമായി തള്ളിക്കളഞ്ഞു. ഓരോ മഴ പെയ്യുമ്പോഴും വെള്ളപ്പൊക്കമുണ്ടാകുന്ന ബെംഗളൂരുവില്‍ ജീവിച്ച ഒരാള്‍ക്ക് ലണ്ടന്‍ അത്ര ബുദ്ധിമുട്ടേറിയതല്ലെന്നാണ് അവരുടെ അഭിപ്രായം.

ലണ്ടനിലെ ഉയര്‍ന്ന ജീവിതച്ചെലവ് ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സയാനി അത് സമ്മതിച്ചു. ജീവിക്കാന്‍ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്നാണിതെന്ന് സയാനി പറയുന്നു. ഇന്ത്യയിലും വിദേശത്തും താമസിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തകാലത്ത് ചര്‍ച്ചകള്‍ പതിവാണ്.

Tags