ബാംഗ്ലൂരുകാരി ഉറങ്ങി നേടിയത് 9 ലക്ഷം രൂപ, നിങ്ങള്‍ക്കും പങ്കെടുക്കാം
പങ്കെടുക്കുന്നവര്‍ക്ക് അവരുടെ ഉറക്ക രീതി നിരീക്ഷിക്കാനും മെച്ചപ്പെടുത്താനും പ്രീമിയം മെത്തകളും കോണ്‍ടാക്റ്റ് ലെസ് സ്ലീപ്പ് ട്രാക്കറുകളും നല്‍കി.
ബെംഗളുരു: ഉറങ്ങാന്‍ പണം ലഭിക്കുന്നത് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും സങ്കല്‍പ്പിക്കാനാകുമോ. എന്നാല്‍ ബെംഗളൂരുക്കാരിയും ഇന്‍വെസ്റ്റ്മെന്റ് ബാങ്കറുമായ സായിശ്വരി പാട്ടീല്‍ അടുത്തിടെ നടന്ന ഒരു മത്സരത്തില്‍ ഉറങ്ങി നേടിയത് 9 ലക്ഷം രൂപയാണ്. ഉറക്കത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്ന 'സ്ലീപ്പ് ചാമ്പ്യന്‍' ആണ് സായിശ്വരി. ബെംഗളൂരുവില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭമായ വേക്ക്ഫിറ്റിന്റെ നൂതന സ്ലീപ്പ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ മൂന്നാം സീസണിലാണ് യുവതി 9 ലക്ഷം രൂപ നേടിയത്.
വിശ്രമത്തെ വിലമതിക്കുകയും എന്നാല്‍ അതിനായി സമയം കണ്ടെത്തുന്നത് പലപ്പോഴും വെല്ലുവിളിയായി തോന്നുകയും ചെയ്യുന്ന വ്യക്തികള്‍ക്കായി തയ്യാറാക്കിയ ഒരു പ്രോഗ്രാമിലെ തിരഞ്ഞെടുത്ത 12 'സ്ലീപ്പ് ഇന്റേണ്‍'മാരില്‍ ഒരാളായിരുന്നു സായിശ്വരി.
പ്രോഗ്രാമില്‍ പങ്കെടുക്കുന്ന എല്ലാവരും ഇന്റേണ്‍ഷിപ്പിന്റെ കര്‍ശനമായ ഉറക്ക മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഓരോ രാത്രിയും കുറഞ്ഞത് എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറങ്ങുകയും പകല്‍ സമയത്ത് 20 മിനിറ്റ് പവര്‍ നാപ് എടുക്കുകയും വേണം.
പങ്കെടുക്കുന്നവര്‍ക്ക് അവരുടെ ഉറക്ക രീതി നിരീക്ഷിക്കാനും മെച്ചപ്പെടുത്താനും പ്രീമിയം മെത്തകളും കോണ്‍ടാക്റ്റ് ലെസ് സ്ലീപ്പ് ട്രാക്കറുകളും നല്‍കി. കൂടാതെ, പരിചയസമ്പന്നരായ ഉപദേഷ്ടാക്കള്‍ നയിക്കുന്ന പതിവ് വര്‍ക്ക്ഷോപ്പുകളിലും ഇന്റേണുകള്‍ പങ്കെടുത്തു. അവരുടെ ഉറക്ക ശീലങ്ങള്‍ മെച്ചപ്പെടുത്താനും 'സ്ലീപ്പ് ചാമ്പ്യന്‍' കിരീടം നേടാനുള്ള ഉപദേശം നല്‍കുകയും ചെയ്തു.
സ്ലീപ്പ് ഇന്റേണ്‍ഷിപ്പിന്റെ സീസണ്‍ 4ന് വേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിച്ചുകഴിഞ്ഞു. തെരഞ്ഞെടുത്ത ഇന്റേണ്‍സിന് 1 ലക്ഷം സ്‌റ്റൈപ്പന്‍ഡ് ഉറപ്പ് നല്‍കുന്നു. കൂടാതെ, സ്ലീപ്പ് ചാമ്പ്യനാകുന്നതിലൂടെ 10 ലക്ഷം രൂപ വരെ നേടാനുള്ള അവസരവുമുണ്ട്.