ഈ അഞ്ചു കാര്യങ്ങള്‍ അന്‍വര്‍ പറയാന്‍ പാടില്ലായിരുന്നു, ചളിവാരിയെറിയല്‍ ഉള്ള പിന്തുണയും ഇല്ലാതാക്കും
തിരുവനന്തപുരം: പോലീസിനെതിരായ ആരോപണത്തില്‍ താന്‍ ആഗ്രഹിച്ച രീതിയിലുള്ള നടപടിയില്ലാതായതോടെ മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ പിവി അന്‍വര്‍ നടത്തിയ പത്രസമ്മേളനം സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. സ്വര്‍ണക്കടത്തുകാരുമായുള്ള പോലീസിന്റെ ബന്ധവും എഡിജിപി അജിത് കുമാറിനെതിരായ ആരോപണവുമായിരുന്നു നേരത്തെ അന്‍വറിന്റെ മുഖ്യ അജണ്ടയെങ്കില്‍ പത്രസമ്മളനത്തിലുടനീളം മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും കടന്നാക്രമിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നുകാണാം.
പോലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെയാണ് തന്റെ പോരാട്ടമെന്ന് അന്‍വര്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. പോലീസ് വകുപ്പ് പി ശശിയാണ് നിയന്ത്രിക്കുന്നതെന്നും ആരോപിച്ചു. എന്നാല്‍, ശശിക്കെതിരെ അന്വേഷണം നടത്താത്തത് എംഎല്‍എയെ പ്രകോപിപ്പിച്ചെന്നുവേണം കരുതാന്‍. കൂടാതെ, മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും തനിക്കെതിരെയാണെന്ന തോന്നല്‍ അന്‍വറിനുണ്ടായി. ഇതേതുടര്‍ന്നാണ് മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കാന്‍ തയ്യാറായതും. എന്നാല്‍, കഴിഞ്ഞദിവസം നടന്ന പത്രസമ്മേളനത്തില്‍ അന്‍വര്‍ നടത്തിയ ചളിവാരിയെറില്‍ അദ്ദേഹത്തിന് അവമതിപ്പുണ്ടാക്കുന്നതാണ്. പറയാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ പറഞ്ഞതിലൂടെ ഇതുവരെ പിന്തുണ നല്‍കിയവരില്‍ പലരും വിമര്‍ശിക്കുകയും ചെയ്തു.
സിപിഎം അംഗങ്ങളെ അടിമകളായി ചിത്രീകരിക്കുകയും അവര്‍ക്ക് സ്വാതന്ത്ര്യമില്ലെന്ന് പറയുകയും ചെയ്തത് അന്‍വര്‍ ഒഴിവാക്കണമായിരുന്നു. കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മില്‍ ഒരു അംഗത്തിന്റെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്നാണ് അച്ചടക്കം. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ അവിടെ പറയുകയെന്നതാണ് പാര്‍ട്ടി അംഗത്തിന്റെ രീതി. ഇത്തരം കാര്യങ്ങളറിയാവുന്ന വ്യക്തിയായിട്ടും സിപിഎം അണികളെ അധിക്ഷേപിക്കുന്ന രീതിയില്‍ അന്‍വര്‍ പ്രതികരിക്കരുതായിരുന്നു.
ബിജെപിയും പ്രതിപക്ഷവും സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും പരിഹസിക്കാനും അധിക്ഷേപിക്കാനും ഉപയോഗിക്കുന്ന വ്യക്തിയാണ് മന്ത്രി മുഹമ്മദ് റിയാസ്. പിണറായി വിജയന്റെ മകളെ വിവാഹം ചെയ്തതിന് ശേഷം റിയാസിനെ മരുമകനെന്ന് പരിഹസിക്കുക പ്രതിപക്ഷത്തിന്റെ രീതിയാണ്. ബിജെപിയാവട്ടെ റിയാസ് മുസ്ലീമാണെന്ന കാര്യത്തിലും അധിക്ഷേപിക്കുന്നു. ഇതേ കാര്യം തന്നെയാണ് കഴിഞ്ഞദിവസം അന്‍വറും പറഞ്ഞതെന്നുകാണാം. സിപിഎം റിയാസിന് മുഖ്യ പരിഗണന നല്‍കുന്നതെന്നാണ് അന്‍വറിന്റെ ആരോപണം. റിയാസിനെ ഇപ്പോഴത്തെ വിഷയത്തിലേക്ക് വ്യക്തിപരമായി വലിച്ചിഴച്ചത് മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കാനാണെന്ന് വ്യക്തം. എന്നാല്‍, ഇത്തരം പരാമര്‍ശങ്ങള്‍ അന്‍വറിന്റെ ക്രഡിബിലിറ്റിയെ ബാധിക്കുന്നതാണ്.
സിപിഎമ്മുമായി അകന്നയുടന്‍ മുസ്ലീം ഇരവാദം അന്‍വര്‍ ഉയര്‍ത്തിക്കാട്ടിയതും അവമതിപ്പുണ്ടാക്കുന്നതാണ്. ഇത്രയുംകാലം ഇടത് എംഎല്‍എ എന്ന നിലയില്‍ എല്ലാ പരിഗണനയും ലഭിച്ചിട്ടും തന്റെ ആരോപണങ്ങളില്‍ പ്രതീക്ഷിച്ച നടപടിയുണ്ടായില്ലെന്ന് കണ്ടയുടന്‍ മതരാഷ്ട്രീയത്തെ എടുത്തിടുന്ന അന്‍വറിന് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയും ഇത് ഇല്ലാതാക്കും.
പോലീസുകാര്‍ പൊട്ടിച്ചെടുക്കുന്ന സ്വര്‍ണം എസ്പി സുജിത് ദാസും എഡിജിപിയും പി ശശിയുമെല്ലാം പങ്കിട്ടെടുക്കുകയാണെന്നാണ് അന്‍വറിന്റെ മറ്റൊരു ആരോപണം. തെളിവുകളില്ലാത്ത ഇത്തരം ആരോപണം അന്‍വറിന്റെ പരാതികളുടെ നിജസ്ഥിതി സംശയിക്കാന്‍ ഇടവരുത്തും. മുഖ്യമന്ത്രി പിണറായി വിജയനെ തറവാട് മേന്മ പറഞ്ഞ് അഭിമുഖത്തില്‍ അധിക്ഷേപിച്ചതും ഒരു എംഎല്‍എ എന്ന നിലയില്‍ അന്‍വറിന് ചേരാത്തതാണ്.
പോലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയശേഷം സര്‍ക്കാരിനും സിപിഎമ്മിനും എതിരെ തിരിഞ്ഞ അന്‍വര്‍ പറയാന്‍ പാടില്ലാത്ത പല കാര്യങ്ങളും കഴിഞ്ഞദിവസം പറഞ്ഞു. രാഷ്ട്രീയത്തിനതീതമായി കിട്ടിക്കൊണ്ടിരുന്ന പിന്തുണ ഇതിലൂടെ അന്‍വറിന് നഷ്ടമാവുകയും ചെയ്തു. താനുയര്‍ത്തിയ കാതലായ പ്രശ്‌നങ്ങളില്‍ മാത്രം ഉറച്ചുനിന്നുകൊണ്ട് പ്രതികരിച്ചിരുന്നെങ്കില്‍ അന്‍വറിന്റെ ഗ്രാഫ് ഉയര്‍ന്നുനില്‍ക്കുമായിരുന്നു.