ഹിന്ദു പത്രത്തിനും കെയ്‌സനുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം; പരാതി നൽകി യൂത്ത് കോണ്‍ഗ്രസ്
തിരുവനന്തപുരം: ഹിന്ദു പത്രത്തിനും പി ആർ ഏജൻസിയായ കെയ്‌സനുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി ഡിജിപിക്ക് പരാതി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് ഹിന്ദു ദിനപത്രം നല്‍കിയ വിശദീകരണത്തിന് പിന്നാലെയാണ് പത്രത്തിനും പി ആര്‍ ഏജന്‍സിയായ കെയ്‌സനുമെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
സെപ്റ്റംബര്‍ 29 ന് ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ വര്‍ഗീയമായി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. മുഖ്യമന്ത്രി പരാമര്‍ശങ്ങള്‍ നിഷേധിക്കുകയും വിശദീകരണവുമായി ഹിന്ദു പത്രം രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളുണ്ടായി. കേരളത്തില്‍ കലാപാന്തരീക്ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി ഹിന്ദു പത്രത്തിനും കെയ്‌സറിനുമെതിരെ കേസെടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം.
.