മദ്യപിച്ച്ലെക്കുകെട്ട് രാത്രിയിൽ കൊച്ചി നഗരത്തിനു തലവേദന സൃഷ്ടിച്ച് യുവതികൾ
മദ്യലഹരിയിൽ കൊച്ചി നഗരത്തിനു തലവേദന സൃഷ്ടിച്ച് യുവതികൾ. കഴിഞ്ഞ ദിവസം രാത്രിയിൽ കൊച്ചി നഗരത്തിൽ മദ്യപിച്ച് ലക്കുകെട്ട് നിരത്തിലിറങ്ങിയ യുവതികളുടെ പ്രവർത്തിയിൽ വെള്ളം കുടിച്ചു നാട്ടുകാരും പൊലീസും. ബന്ധുക്കളായ രണ്ടു പെൺകുട്ടികൾ ആണ് ഇന്നലെ രാത്രി 8.45 ന് സൗത്ത് മേൽപ്പാലം, വളഞ്ഞമ്പലം പരിസരപ്രദേശത്ത് പ്രശ്നം സൃഷ്ടിച്ചത്.
അര മണിക്കൂറോളം ആയിരുന്നു നഗരമധ്യത്തിൽ യുവതികളുടെ വിക്രിയകൾ. വളഞ്ഞമ്പലം ക്ഷേത്രത്തിനു സമീപത്തേക്ക് കാറിലെത്തിയ യുവതികളിലൊരാൾ പുറത്തിറങ്ങി ക്ഷേത്രത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ഇവരെ തിരികെ കൂട്ടിക്കൊണ്ടു പോകാൻ ബന്ധുവായ യുവതി ഒപ്പമെത്തിയെങ്കിലും കൂട്ടാക്കാതെ അസഭ്യം പറയുകയും ക്ഷേത്രവളപ്പിനുള്ളിൽ ഇരിക്കുകയുമായിരുന്നു. തുടർന്ന് യുവതികളും, ക്ഷേത്ര ജീവനക്കാരും തമ്മിൽ വാക്കുതർക്കമായി.
ഉടൻ തന്നെ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെയാണ് യുവതികൾ ക്ഷേത്രവളപ്പിനു പുറത്തേക്കിറങ്ങിയത്. ഇവരെ അനുനയിപ്പിച്ചു വീണ്ടും കാറിൽക്കയറ്റാൻ ഒപ്പമുള്ള യുവതി ശ്രമിച്ചെങ്കിലും കാറിൽ കയറാൻ കൂട്ടാക്കിയില്ല. തുടർന്ന് യുവതി നടന്നു സൗത്ത് മേൽപ്പാലത്തിനു താഴെയുള്ള ഇടറോഡിലേക്കു കയറി റോഡിൽകിടന്ന് ഉറക്കം തുടങ്ങി. വിളിച്ചുണർത്തി കൊണ്ടുപോകാൻ ഒപ്പമുള്ള യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ നാട്ടുകാരും സ്ഥലത്തു കൂടി. കാറിൽ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായതോടെയാണു യുവതി പുറത്തിറങ്ങി പ്രശ്നം സൃഷ്ടിച്ചത്.
തുടർന്നു കൺട്രോൾ റൂമിൽ നിന്നുള്ള വനിതാ പൊലീസ് സംഘം സ്ഥലത്തെത്തി യുവതിയെ ബലം പ്രയോഗിച്ചു വാഹനത്തിൽക്കയറ്റി കൊണ്ടു പോവുകയായിരുന്നു. വീസാ ആവശ്യങ്ങൾക്കായി നഗരത്തിലെത്തിയ യുവതികൾ ബാറിൽ കയറി മദ്യപിച്ച ശേഷം കാറിൽ നിരത്തിലിറങ്ങുകയായിരുന്നു എന്നാണു വിവരം.