അമ്പൂരിയില്‍ കാട്ടുപോത്ത് ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

wild buffalo attack
wild buffalo attack

അമ്പൂരിയില്‍ കാട്ട് പോത്തിന്റെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്കേറ്റു. അമ്പൂരി ചാക്കപ്പാറ സെറ്റില്‍മെന്റില്‍ അഗസ്ത്യ നിവാസില്‍ കെ.സുരേഷി(43)നെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷ് കാരക്കോണം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നെയ്യാര്‍ റേഞ്ചിലെ പ്ലാമല, കന്നിത്തൂന്‍മൂട്, ഫയര്‍ പ്രൊട്ടക്ഷന്റെ താല്‍ക്കാലിക വാച്ചറാണ് സുരേഷ്.

ഇന്നലെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കോഴിക്കാവ് ഭാഗത്ത്  ജോലി ചെയ്യുകയായിരുന്ന ഇയാൾ കുടിവെള്ളം എടുക്കാന്‍ പോയപ്പോള്‍ ആണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. പാഞ്ഞെത്തിയ കാട്ടുപോത്ത് ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ബോധരഹിതനായി കിടന്ന സുരേഷ് ബോധം തിരികെ കിട്ടിയപ്പോള്‍ ഭാര്യയെ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും വനം വകുപ്പ് അധികൃതരും എത്തി ആശുപത്രിയില്‍ എത്തിച്ചു. 5 കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലായിരുന്നു സംഭവം.