ട്രെയിനില്‍ നിന്ന് വീണ യുവാവിന് മറ്റൊരു ട്രെയിന്‍ തട്ടി ദാരുണാന്ത്യം

death
death

കോഴിക്കോട്ട് ട്രെയിനില്‍ നിന്ന് വീണ യുവാവ് മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. ഏറ്റുമാനൂര്‍ പാറോലിക്കല്‍ പഴയ എംസി റോഡില്‍ വടക്കേ തകടിയേല്‍ നോയല്‍ ജോബി (21) ആണ് മരിച്ചത്. 

ബുധനാഴ്ച അര്‍ധരാത്രിയോടെ മീഞ്ചന്ത മേല്‍പാലത്തിന് സമീപമായിരുന്നു അപകടം. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ ബിടെക് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ജോബി.

മംഗളൂരുവില്‍ നിന്ന് ഏറ്റുമാനൂരിലേക്കു പോകുകയായിരുന്നു. കഴിഞ്ഞ 23 ന് ഇന്‍ഡസ്ട്രിയല്‍ വിസിറ്റിനായി മംഗളൂരുവിലേക്കു പോയതാണ്. അവിടെ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ശുചിമുറിയില്‍ പോയി മടങ്ങുന്നതിനിടെ കാല്‍ വഴുതി വീണതാവാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നോയലിന്റെ ഒപ്പമുണ്ടായിരുന്നവര്‍ സംഭവം അറിഞ്ഞിരുന്നില്ല. ഇവര്‍ എറണാകുളത്തെത്തിയപ്പോള്‍ അപകടവിവരം പൊലീസ് വിളിച്ചറിയിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം ഏറ്റുമാനൂര്‍ ക്രിസ്തുരാജ പള്ളിയില്‍ നടക്കും

പിതാവ് ജോബി മാത്യു മെഡിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് ടെക്‌നിക്കല്‍ ഓഫിസറും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ബയോമെഡിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് മേധാവിയുമാണ്. മാതാവ്: ഏറ്റുമാനൂര്‍ അമ്പാട്ട് മാലിയില്‍ ഡല്‍റ്റി ജോബി (പാലാ മാര്‍ സ്ലീവാ നഴ്‌സിങ് കോളജ് വൈസ് പ്രിന്‍സിപ്പല്‍), സഹോദരന്‍: ജോയല്‍ ജോബി (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍).

Tags