ഭാര്യയുമായി വഴക്ക്; യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു

google news
deadbody

തിരുവനന്തപുരം: ഭാര്യയുമായി വഴക്കിട്ട ശേഷം യുവാവ് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. നെടുമങ്ങാട് കല്ലിയോട് ജങ്ഷന് സമീപം ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന വിതുര മരുതാമല സിൽക്കി നഗറിൽ വിശാഖം വീട്ടിൽ സ്മിതേഷ് (38) ആണ് മരിച്ചത്. ശനിയാഴ്ച വെളുപ്പിന് രണ്ടരയോടെ ഭാര്യ അശ്വതിയുമായി വഴക്കിട്ട സ്മിതേഷ് വീട്ടിൽ ഇരുന്ന കത്തിയെടുത്ത് സ്വയം കഴുത്തറുക്കുകയായിരുന്നു.

അശ്വതിയുടെ നിലവിളികേട്ട് ഓടിയെത്തിയ തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന അച്ഛന്റെ അനുജൻ അനിൽകുമാറും ഓട്ടോ ഡ്രൈവർ രാജേഷും ഫ്ലാറ്റിൽ താമസിക്കുന്ന മറ്റുള്ളവരും ചേർന്ന് ബലപ്രയോഗത്തിലൂടെ കത്തി വാങ്ങിയശേഷം ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച ഇരുവരും നെടുമങ്ങാട് സിനിമയ്ക്ക് പോയിമടങ്ങി വന്ന ശേഷമാണ് സംഭവമുണ്ടായത്. രണ്ടുമക്കളാണ് ഇവർക്കുള്ളത്. ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനെ വിതുരയിലെ സ്മിതേഷിന്റെ വീട്ടിലും ആറാം ക്ലാസിൽ പഠിക്കുന്ന മകളെ കാട്ടാക്കടയിലെ അശ്വതിയുടെ വീട്ടിലും കൊണ്ടാക്കിയിരുന്നു. 

കാട്ടാക്കടയിൽ ടയർ പഞ്ചർകട നടത്തുകയായിരുന്ന സ്മിതേഷ് മൂന്നുമാസം മുമ്പ് 50 പാരാസെറ്റമോൾ ഗുളികകൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളയാളാണ്. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെടുമങ്ങാട് പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.