സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീപക്ഷ നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ടു പോകും : വനിതാ കമ്മിഷന്‍

vanitha

സ്ത്രീകള്‍ക്ക് നേരെ ഉയരുന്ന അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീപക്ഷ നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ടു പോകുമെന്ന് വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. പാലക്കാട് ഗസ്റ്റ് ഹൗസ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം.

 സ്ത്രീകള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കാനും പരാതി പരിഹരിക്കാനും കഴിയുന്നുണ്ട്. ശാക്തീകരണത്തിന്റെ ഭാഗമായി സ്ത്രീകളെ ബോധവല്‍ക്കരിക്കുക, അവരുടെ അവകാശങ്ങളെയും നിയമങ്ങളെയും കുറിച്ച് ബോധ്യപ്പെടുത്തുക തുടങ്ങിയവയ്ക്ക് ആവശ്യമായ നിരവധി പ്രവര്‍ത്തനങ്ങള്‍ വനിതാ കമ്മിഷന്‍ നടപ്പാക്കുന്നുണ്ട്. വിവിധ സെമിനാറുകള്‍, പബ്ലിക് ഹിയറിംഗുകള്‍, തീരദേശ ക്യാമ്പുകള്‍, പട്ടികവര്‍ഗ മേഖലാ ക്യാമ്പുകള്‍ എന്നിവ നടത്തി. 

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വനിത കമ്മിഷന്‍ ശക്തമായി ഇടപെടുകയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ച് ശിക്ഷ ഉറപ്പാക്കുകയും ചെയ്യും. സമൂഹത്തെ ബോധവത്ക്കരിക്കുന്നതിന്റെ ആദ്യപടിയായി സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ബോധവത്ക്കരണം വനിതാ കമ്മിഷന്‍ നല്‍കി വരുന്നുണ്ട്. കലാലയ ജ്യോതി, ഉണര്‍വ്, പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ്, ഫേസ് ടു ഫേസ് തുടങ്ങിയ പരിപാടികളിലൂടെ ലിംഗസമത്വത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം യുവതലമുറയ്ക്ക് നല്‍കി വരുകയാണെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

കുടുംബപ്രശ്നങ്ങള്‍, വസ്തു സംബന്ധമായ പ്രശ്നങ്ങള്‍, കൗണ്‍സിലിംഗ് ആവശ്യമായ കേസുകള്‍, കുടുംബാംഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കേസുകളാണ് ജില്ലാതല അദാലത്തില്‍ പരിഗണിച്ചത്. ഒന്‍പതു കേസുകള്‍ തീര്‍പ്പാക്കി. മൂന്നെണ്ണത്തില്‍ കൗണ്‍സിലിംഗ് നല്‍കാന്‍ തീരുമാനിച്ചു. 

ബാക്കി 30 പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. ആകെ 42 കേസുകളാണ് പരിഗണനയ്ക്കു വന്നത്. അഭിഭാഷക സി. രമികാ, കൗണ്‍സിലര്‍മാരായ പി. ജിജിഷാ, പി. ബിന്ദ്യ, സിപിഒമാരായ മായ, നിരോഷ, കമ്മിഷന്‍ ഉദ്യോഗസ്ഥനായ ബൈജു ശ്രീധരന്‍, ജി. ശ്രീഹരി എന്നിവര്‍ പങ്കെടുത്തു.

Tags