വാർഡുതല ജാഗ്രത സമിതികൾ കാര്യക്ഷമമാക്കണം: വനിത കമ്മീഷൻ
അയൽവാസികൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും തമ്മിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും വാർഡുതല ജാഗ്രത സമിതികൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. കോഴിക്കോട് ജില്ല പഞ്ചായത്ത് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവർ.
നഗരപ്രദേശങ്ങളിൽ അയൽവാസികൾ തമ്മിലുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കൂടി വരുകയാണ്. ഇതിൽ സ്ത്രീകളെ അസഭ്യം പറയുന്നതും മാലിന്യം വലിച്ചെറിയുന്നതുമായുള്ള പരാതികൾ കമ്മീഷന് മുമ്പാകെ വന്നിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളിൽ പരിഹാരത്തിനും അയൽവാസികൾ തമ്മിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും വാർഡുതല ജാഗ്രത സമിതികൾ നിരന്തരമായ ഇടപെടലുകൾ നടത്തേണ്ടതാണ്. റെസിഡൻസ് അസോസിയേഷ്യൻ ഇടപെടലും ഇക്കാര്യത്തിൽ ആവശ്യമാണെന്നും കമ്മീഷൻ അഭിപ്രായപ്പെട്ടു.
ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകൾ കടുത്ത അരക്ഷിത ബോധത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് കമ്മീഷൻ നിരീക്ഷിച്ചു. വീട്ടുകാരുടെയും അയൽക്കാരുടെയും പിന്തുണ പലപ്പോഴും ഇവർക്ക് ലഭിക്കുന്നില്ല. മുതിർന്ന പൗരരുടെയും അവസ്ഥ വ്യത്യസ്ഥമല്ല. ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകൾക്കും മുതിർന്ന പൗരർക്കും തണലേകാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൂടുതൽ പകൽവീടുകൾ ഒരുക്കണമെന്നും നിലവിലുള്ളവ കൂടുതൽ കാര്യക്ഷമമാക്കണമെന്നും കമ്മീഷൻ അധ്യക്ഷ പറഞ്ഞു.
തൊഴിലിടങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കോഴിക്കോട് ജില്ലയിൽ കൂടി വരികയാണെന്ന് കമ്മീഷൻ പറഞ്ഞു. എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലെ സ്കൂൾ അധ്യാപികമാരുടെ പരാതികൾ കമ്മീഷനു മുൻപാകെ വന്നിട്ടുണ്ട്. അധ്യാപികമാർക്ക് മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള സമ്മർദ്ദവും പീഡനവുമായി ബന്ധപ്പെട്ട പരാതികളാണ് ഏറെയും. കാരണം കാണിക്കാതെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായുള്ള പരാതികളും ലഭിച്ചിട്ടുണ്ട്. അൺ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ സ്ത്രീകളാണ് കൂടുതലുായും ജോലിചെയ്യുന്നത്. തുച്ഛമായ ശമ്പളത്തിൽ യാതൊരുവിധ തൊഴിൽ സുരക്ഷയും ഇല്ലാതെയാണ് ഇവർ ജോലി ചെയ്യുന്നത്. ഇത്തരം മേഖലകളെ നിയന്ത്രിക്കുന്നതിന് സംവിധാനം നിലവിൽ വന്നാൽ മാത്രമേ തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കാനാകൂവെന്നും കമ്മിഷൻ പറഞ്ഞു.
കോഴിക്കോട് ജില്ലാതല അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. രണ്ടെണ്ണം നിയമ സഹായത്തിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് കൈമാറി. എഴ് പരാതികളിൽ പോലീസ് റിപ്പോര്‍ട്ട് തേടി. 57 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. ആകെ 86 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്.
വനിത കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, അഭിഭാഷകരായ ലിസി, ജിഷ, അബിജ കൗണ്‍സലര്‍മാരായ സുധിന സനുഷ്, സുനിഷ റിനു, സബിന രണ്‍ദീപ്, സി അവിന, കോഴിക്കോട് വനിത സെല്‍ എഎസ്‌ഐ മിനി എന്നിവര്‍ പങ്കെടുത്തു.