കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച എ.വി. മുകേഷിന് വിട ; സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ

google news
mukesh m v

മലപ്പുറം: റിപ്പോർട്ടിങ്ങിനെ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ എ.വി. മുകേഷി(34)ന്റെ സംസ്‌കാരച്ചടങ്ങുകള്‍ വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ചെട്ടിപ്പടിയിലെ വീട്ടുവളപ്പില്‍ നടക്കും. മൃതദേഹം ബുധനാഴ്ച രാത്രി വീട്ടിലെത്തിച്ചു. മലമ്പുഴ കൊട്ടേക്കാട് വേനോലി എളമ്പരക്കാടിന് സമീപത്തെ ജനവാസമേഖലയില്‍ ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ മുകേഷിന് പരിക്കേല്‍ക്കുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.


കൃഷിയിടത്തില്‍ പുലര്‍ച്ചെ കാട്ടാനയിറങ്ങിയെന്ന് നാട്ടുകാരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാതൃഭൂമി ന്യൂസ് സംഘം ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയത്. കാട്ടാനകള്‍ കോരയാര്‍ കടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ആനകളിലൊന്ന് തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. ആന അതിവേഗം ഓടിയെത്തിയതോടെ സംഘം ചിതറിയോടി.

സംഘാംഗങ്ങള്‍ പിന്നീട് തിരഞ്ഞെത്തിയപ്പോഴാണ് ആനയുടെ ചവിട്ടേറ്റ നിലയില്‍ മുകേഷിനെ കണ്ടെത്തിയത്. ഇടുപ്പിനും തുടയ്ക്കും ഗുരുതര പരിക്കേറ്റ മുകേഷിനെ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ദീര്‍ഘകാലം മാതൃഭൂമി ന്യൂസ് ഡല്‍ഹി ബ്യൂറോയില്‍ പ്രവര്‍ത്തിച്ച മുകേഷ് ഒരുവര്‍ഷം മുമ്പാണ് പാലക്കാട്ടെത്തിയത്. മാതൃഭൂമി ഓണ്‍ലൈനില്‍ 'അതിജീവനം' എന്ന പേരില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തുന്ന 108 ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇന്ത്യാവിഷനിലും ജോലി നോക്കിയിരുന്നു.

മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി അവത്താന്‍വീട്ടില്‍ പരേതനായ ഉണ്ണിയുടെയും എ. ദേവിയുടെയും മകനാണ്. ഭാര്യ: ടിഷമോള്‍. സഹോദരി: ഹരിത.

Tags