പാലക്കാട് കല്‍ച്ചാടിയില്‍ വീണ്ടും കാട്ടാനയിറങ്ങി; വ്യാപക കൃഷി നാശം

aaa

പാലക്കാട്: നെന്മാറ വനം ഡിവിഷനു കീഴില്‍ അയിലൂര്‍ പഞ്ചായത്തിലെ കല്‍ച്ചാടി മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കല്‍ച്ചാടി, നിരങ്ങന്‍പാറ, വടക്കന്‍ ചിറ പ്രദേശങ്ങളിലാണ് കഴിഞ്ഞ രണ്ട് ദിവസമായി കാട്ടാന ഇറങ്ങിയത്. കല്‍ച്ചാടിയില്‍ എം. അബ്ബാസ് ഒറവഞ്ചിറ, എല്‍ദോസ് പണ്ടിക്കുടിയില്‍, നിരങ്ങന്‍പാറയില്‍ അബ്രഹാം കൂരംതാഴത്ത് എന്നിവരുടെ കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ വ്യാപക കൃഷി നാശം വരുത്തി.

കമുക്, പ്ലാവ്, റബര്‍, കുരുമുളക് വള്ളികളുടെ താങ്ങു മരങ്ങള്‍ തുടങ്ങിയവയെല്ലാം കുത്തിമറിച്ചും ചവിട്ടിയും ഒടിച്ചും നശിപ്പിച്ചു. അബ്ബാസിന്റെ കൃഷിയിടത്തിലെ 14 കമുകുകളും കുരുമുളക് പടര്‍ത്തിയ മരങ്ങളും പ്ലാവുകളും നശിപ്പിച്ചു.
റബര്‍ ടാപ്പിങ്ങിനു പോയ എല്‍ദോസ് റോഡില്‍ കാട്ടാന നില്‍ക്കുന്നത് കണ്ട് ഭയന്ന് നിലവിളിച്ചതോടെ ആന സമീപത്തെ കനാലിലൂടെ ഇറങ്ങി പോയി. ശേഷമാണ് ടാപ്പിങ് ആരംഭിച്ചത്.

അബ്രഹാമിന്റെ തോട്ടത്തിലെ പ്ലാവുകളിലെ ചെറുചക്കകളും കാട്ടാനകള്‍ പിഴുതു കളഞ്ഞു. കല്‍ച്ചാടി മലയോര മേഖലയിലെ സൗരോര്‍ോജ വേലികള്‍ മറികടന്നാണ് കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ എത്തിയത്. വേനല്‍ക്കാലമായതോടെ മണ്ണിലെ ഈര്‍പ്പം കുറഞ്ഞ് ഷോക്ക് കുറഞ്ഞത് കാട്ടാനകള്‍ക്ക് വൈദ്യുതി വേലി മറികടക്കുന്നതിന് സൗകര്യമായതായി കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ബാറ്ററിയുടെ ക്ഷമത കുറഞ്ഞതിനാല്‍ രാത്രി 12 മണിയാവുമ്പോഴേക്കും വേലിയുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതായും കര്‍ഷകര്‍ പരാതിപ്പെട്ടു. വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച പഴയ ബാറ്ററിയും എനര്‍ജൈസറും മാറ്റി പകരം ശക്തി കൂടിയ ബാറ്ററിയും ഉപകരണങ്ങളും സ്ഥാപിച്ച് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

കാട്ടാനകളെ കൂടാതെ മാന്‍, കാട്ടുപന്നി, കുരങ്ങ്, മലയണ്ണാന്‍ തുടങ്ങിയവയും സ്ഥിരമായി പ്രദേശത്തെ കൃഷിയിടങ്ങളില്‍ എത്തുന്നുണ്ട്. കാട്ടാനപ്പേടിയില്‍ പ്രദേശത്തുനിന്ന് താമസം ഉപേക്ഷിച്ചു പോയ കര്‍ഷകരുടെ കൃഷിയിടങ്ങളിലാണ് ആനകള്‍ കൂടുതല്‍ നാശം വരുത്തിയിരിക്കുന്നത്. കഴിഞ്ഞ 11 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് കാട്ടാനകള്‍ കല്‍ച്ചാടി മേഖലയിലെ കൃഷിയിടങ്ങളില്‍ ഇറങ്ങുന്നത്.
 

Tags