വന്യമൃഗങ്ങളുടെ ആക്രമണം : മലയോര മേഖലയിലെ യു.ഡി.എഫ് എം.എല്‍.എമാര്‍ നാളെ വനം മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും

google news
udf

മലയോര മേഖലയിലെ യു.ഡി.എഫ് എം.എല്‍.എമാര്‍ നാളെ (ചൊവ്വ) നിയമസഭയുടെ മുന്നിൽ നിന്നും വനം മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. മാര്‍ച്ചിനെ യു.ഡി.എഫ് നേതാക്കള്‍ അഭിസംബോധന ചെയ്യും. വയനാട്ടിലെ വന്യമ​്യഗഭീതിക്ക് പരിഹാരം കാണാൻ കഴിയുന്നില്ലെന്ന് ആരോപിച്ചാണ് മാർച്ച്.

 മാനന്തവാടി പടമലയിലെ അജീഷ് എന്ന കർഷകനെ കൊലപ്പെടുത്തിയ ബേലൂർ മഖ്നെയെന്ന കാട്ടാനയെ മയക്കുവെടി ​െവച്ച് പിടികൂടാനുള്ള ശ്രമം മൂന്നാം ദിനവും വിജയം കണ്ടില്ല. ഈ സാഹചര്യത്തിലാണ് യു.ഡി.എഫ് പ്രതിഷേധം കടുപ്പിക്കുന്നത്.

കാട്ടാന ആക്രമണത്തെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലാണുളളത്. കഴിഞ്ഞ വര്‍ഷം ഒന്‍പത് മാസത്തിനിടെ 85 പേരാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്. 2016 മുതല്‍ 909 പേരാണ് മരിച്ചത്.

വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഒരു തരത്തിലുള്ള കൃഷിയും ചെയ്യാനാകാത്ത അവസ്ഥയാണ്. എല്ലാവരും കഷ്ടപ്പാടിലും ദുരിതത്തിലുമാണ്. ജീവനും ഭീഷണിയിലാണ്. ഈ ഭീതിതമായ അവസ്ഥയില്‍ കുഞ്ഞുങ്ങള്‍ എങ്ങനെ സ്‌കൂളില്‍ പോകും. ആര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ഇനിയെങ്കിലും നിഷ്‌ക്രിയത്വം വെടിയാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്.

വന്യജീവി ആക്രമണത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷിനാശമുണ്ടായതും ഉള്‍പ്പെടെ ഏഴായിരത്തോളം പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാനുള്ളത്. വന്യജീവികളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ ഇത്തവണത്തെ ബജറ്റില്‍ വെറും 48 കോടി മാത്രമാണ് മാറ്റിവച്ചിരിക്കുന്നത്.

48 കോടി ആറളം ഫാമില്‍ നിര്‍മ്മിക്കുന്ന മതിലിന് തികയില്ല. അത്രയും ലാഘവത്വത്തോടെയാണ് സര്‍ക്കാര്‍ ഈ വിഷയത്തെ കാണുന്നതെന്നാണ് പ്രതിപക്ഷത്തി​െൻറ കുറ്റപ്പെടുത്തൽ. ഇതിനിടെ, വയനാട്ടിൽ നാളെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഹർത്താൽ ആചരിക്കുകയാണ്. കഴിഞ്ഞ നാല് വർഷമായി വന്യജീവി ഉയർത്തുന്ന ഭീഷണി ചൂണ്ടി കർഷക സംഘടനകകൾ സമരരംഗത്താണ്.

Tags