ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത് എന്തിന് ,സര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം പിണറായി സര്‍ക്കിരിന്റെ മുഖത്തേറ്റ പ്രഹരം ; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രന്‍

k surendran
k surendran

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അഞ്ചുവര്‍ഷം പൂഴ്ത്തിയ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം പിണറായി സര്‍ക്കിരിന്റെ മുഖത്തേറ്റ പ്രഹരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാര്‍ നടപടി ദുരൂഹമാണെന്ന കോടതിയുടെ പരാമര്‍ശം സര്‍ക്കാരിന്റെ തനിനിറം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സ്ത്രീവിരുദ്ധമായ സര്‍ക്കാരാണിതെന്ന് ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തുന്നതാണ് കോടതിവധി.

സിപിഎം എംഎല്‍എ തന്നെ പ്രതിസ്ഥാനത്ത് വന്നിരിക്കുന്ന കേസില്‍ സര്‍ക്കാര്‍ വേട്ടക്കാരെ സംരക്ഷിക്കുകയാണ്. പ്രതിയായ എംഎല്‍എക്ക് ജാമ്യം കിട്ടാന്‍ കാരണം സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് വ്യക്തമാണ്. ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തി കേസെടുത്ത ശേഷം അറസ്റ്റ് ചെയ്യുന്നത് പ്രഹസനമാണ്. ഇത്രയും കാലം എന്തിനാണ് ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചതെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളോട് പറയണം.

ഇത് രണ്ടാം തവണയാണ് ഈ കാര്യത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനം കേള്‍ക്കുന്നത്. സര്‍ക്കാരിന്റെ നിലപാട് ഞെട്ടിക്കുന്നതാണെന്ന് കോടതി പോലും പറഞ്ഞിട്ടുണ്ട്. ആരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടേയും അഭിമാനത്തെ ഹനിക്കുന്ന നിലപാടെടുക്കുന്നതെന്ന് മനസിലാവുന്നില്ല. തികഞ്ഞ നിഷ്‌ക്രിയത്വവും അലംഭാവവുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ ദേശീയ റെക്കോര്‍ഡാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Tags