സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുമ്പോള്‍ നമ്മളെല്ലാം ഔട്ട്, അവര്‍ സംഘടിതമായ വോട്ട് ബാങ്കാണ് : ഈഴവര്‍ സംഘടിക്കണമെന്ന് വെള്ളാപ്പള്ളി

vellappalli
vellappalli

ഈഴവ സമുദായം സംഘടിക്കണമെന്ന് ആഹ്വാനം ചെയ്ത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വരുന്ന ഫണ്ടുകളെല്ലാം ന്യൂനപക്ഷമെന്ന പേരില്‍ ഹൈജാക്ക് ചെയ്ത് കൊണ്ടുപോകുമ്പോള്‍ ഭൂരിപക്ഷമെന്ന് പറയുന്ന നമുക്ക് എന്ത് കിട്ടുന്നുവെന്ന് വെള്ളാപ്പള്ളി ചോദിച്ചു. രാഷ്ട്രീയ നീതി കിട്ടുന്നുണ്ടോ, വിദ്യാഭ്യാസ നീതി കിട്ടുന്നുണ്ടോ, സാമ്പത്തിക നീതി കിട്ടുന്നുണ്ടോ? സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമ്പോള്‍ ഭൂരിപക്ഷത്തിന്റെ തല എണ്ണാറില്ല, ന്യൂനപക്ഷം 25 ശതമാനം ഉള്ളുവെങ്കിലും അവരെയാണ് പരിഗണിക്കുകയെന്നും സമുദായം സംഘടിക്കേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിച്ച് വെള്ളാപ്പള്ളി പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുമ്പോള്‍ നമ്മളെല്ലാം ഔട്ട്. അവര്‍ സംഘടിതമായ വോട്ട് ബാങ്കാണ്. എന്നാല്‍ നമ്മള്‍ സംഘടിതരല്ല. കേരളത്തെ ആര് ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള ശക്തി നമുക്കുണ്ട്. സംഘടിക്കണമെന്ന് പറഞ്ഞ സഹോദരന്‍ അയ്യപ്പന്റെ വാക്കുകള്‍ നമ്മള്‍ കേട്ടില്ല, എന്നാല്‍ മറ്റ് സമുദായക്കാര്‍ അത് ഹൃദയം കൊണ്ട് സ്വീകരിച്ചു. ജാതിയില്ല മതമില്ലെന്ന് പറയുമ്പോഴും ജാതിയും മതവും മാത്രം നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

ജാതി ചിന്ത എന്നത്തേക്കാളും കൂടി നില്‍ക്കുന്ന കാലമായി മാറിയിരിക്കുകയാണ് ഇന്ന്. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും ലോകത്തില്‍ പോലും ജാതിയുടെ പേരില്‍ യുദ്ധങ്ങളാണ് നടക്കുന്നത്. വോട്ട് ബാങ്കായി നില്‍ക്കുന്നവര്‍ക്ക് ഖജനാവിലെ പണം ചോര്‍ത്തി കൊണ്ടുപോയി വീട് വെക്കാന്‍, പെന്‍ഷന്‍ കിട്ടാന്‍, വിദ്യാഭ്യസ സഹായം കിട്ടാന്‍ ചട്ടങ്ങളും സഹായങ്ങളുമുണ്ടാക്കുന്നു. എന്നിട്ട് നമുക്കെന്ത് കിട്ടി? പ്രസംഗം കേട്ട് കയ്യടിച്ച് വീട്ടില്‍പ്പോകുന്ന ദരിദ്ര നാരായണന്‍മാരാണ് നമ്മള്‍. മറ്റുള്ളവര്‍ക്ക് സമുദായബോധമുണ്ട്. അവര്‍ ഒരുമിച്ച് നിന്ന് അവരുടെ ആളുകളെ ജയിപ്പിക്കുമ്പോള്‍ നമ്മള്‍ ആനയുടെ വിലയറിയാതെ ആനക്കാരനാല്‍ നയിക്കപ്പെടുന്നവരായെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Tags