വയനാടിന് പിന്തുണ ആവശ്യമാണ്; സഹായഹസ്തവുമായി പേളി മാണി
വയനാട്ടിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി നടിയും അവതാരകയുമായ പേളി മാണി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപയാണ് പേളിയും ഭർത്താവ് ശ്രീനിഷും കൈമാറിയത്. നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഒറ്റപ്പെട്ടിരിക്കുകയും ചെയ്യുന്ന വയനാടിന് പിന്തുണ ആവശ്യമാണെന്നും ജീവിതം പുനർനിർമിക്കാൻ ഒരുമിച്ച് നിൽക്കാമെന്നും പേളി സോഷ്യൽ മീഡിയയിൽ കുറിച്ചു.
'കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വളരെ ദുഷ്‌കരമായിരുന്നു, സന്നദ്ധപ്രവർത്തകർ, രക്ഷാപ്രവർത്തകർ, സൈന്യം, ഫയർഫോഴ്‌സ്, ആരോഗ്യ പ്രവർത്തകർ, ഗവൺമെൻ്റ്, നമ്മുടെ ആളുകൾ എന്നിവരുടെ ശ്രമങ്ങൾ ഞങ്ങൾ കാണുന്നുണ്ട്. ഒരു ചെറിയ മാറ്റത്തിന് വേണ്ടിയുള്ള ഞങ്ങളുടെ എളിയ പരിശ്രമമാണിത്. നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഒറ്റപ്പെട്ടിരിക്കുകയും ചെയ്യുന്ന വയനാടിന് എന്നത്തേക്കാളും ഞങ്ങളുടെ പിന്തുണ ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞങ്ങൾ സംഭാവന നൽകുന്നു. വയനാടിന് വേണ്ടി നമുക്ക് ഒരുമിച്ച് നിൽക്കാം, ജീവിതം പുനർനിർമിക്കാൻ സഹായിക്കാം'–പേളി മാണി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സിനിമാ റിലീസുകളും ആഘോഷങ്ങളും മാറ്റി വെച്ചിരിക്കുകയാണ്. ജനങ്ങൾക്ക് കൈത്താങ്ങായി താരങ്ങൾ മുന്നിൽ തന്നെയുണ്ട് .കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തങ്ങളാൽ കഴിയുംവിധം സഹായങ്ങൾ സംഭാവന ചെയ്യാനും ജനങ്ങളോട് അഭ്യർഥിക്കുന്നുണ്ട്.