വയനാട് ദുരന്തം; മരണം 316 ആയി

wayanad rescue
wayanad rescue

വയനാട് : കേരളത്തിന്റെ ഉള്ളുലച്ച ദുരന്തഭൂമിയിൽ തിരച്ചിൽ നാലാം ദിനത്തിലേക്ക്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മരണം 316 ആയി. ഇനി 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ചാലിയാറിൽനിന്ന് ഇതുവരെ കണ്ടെടുത്തത് 172 മൃതദേഹങ്ങളാണ്.

സൈന്യം നിർമിച്ച ബെയ്‌ലി പാലം പ്രവർത്തന സജ്ജമായതോടെ രക്ഷാപ്രവർത്തനം വേഗത്തിലാകും. മേഖലയിൽ ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കാന്‍ സാധ്യതയില്ലെന്നാണു സൈന്യത്തിന്റെ നിഗമനമെങ്കിലും ജീവന്റെ തുടിപ്പ് തേടി ഓരോ പ്രദേശത്തും പരിശോധന തുടരുകയാണ്.

സൈന്യവും എൻഡിആർഎഫും സംസ്ഥാന സർക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായാണു തിരച്ചിൽ നടത്തുന്നത്. കാണാതായവരിൽ 29 പേർ കുട്ടികളാണ്. ദുരിതാശ്വാസ ക്യാംപുകളിൽ 2328 പേരുണ്ട്. സംസ്ഥാനത്തു മഴയുടെ തീവ്രത കുറയുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ന്യൂനമർദപ്പാത്തിയുടെ സ്വാധീനം കുറഞ്ഞു. ഇന്നു മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടാണ്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട മഴ സംബന്ധിച്ച ഗ്രീൻ അലർട്ടാണുള്ളത്.

Tags