വയനാട് പുനരധിവാസം: സർവ്വകക്ഷിയോഗത്തിൻറെ പൂർണ പിന്തുണ

wayanad
wayanad

വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗത്തിൽ യോജിച്ച തീരുമാനം. സർവ്വകക്ഷിയോഗത്തിൽ എല്ലാവരും ഒരേ വികാരം പ്രകടിപ്പിച്ചതിൽ മുഖ്യമന്ത്രി നന്ദി അറിയിച്ചു.

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൻറെ ഭാഗമായി 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീടാണ് നിർമ്മിച്ചു നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷിയോഗത്തിൽ പറഞ്ഞു. ഭാവിയിൽ രണ്ടാമത്തെ നിലകൂടിക്കെട്ടാൻ സൗകര്യമുള്ള രീതിയിലാകും അടിത്തറ പണിയുക. വീടുകൾ ഒരേ രീതിയിലാകും നിർമ്മിക്കുകയെന്നും ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  വിലങ്ങാടിലെ ദുരന്തബാധിതർക്കും പുനരധിവാസം ഉറപ്പാക്കും. വിലങ്ങാട് മനുഷ്യ ജീവൻ നഷ്ടപ്പെടാതിരുന്നത് സാമൂഹ്യ ഇടപെടൽ കൊണ്ട് കൂടിയാണ്. അത്തരത്തിൽ ദുരന്ത മേഖലയിൽ ഇടപെടാൻ ആവശ്യമായ ബോധവൽക്കരണ സംവിധാനം ഒരുക്കും.  പുനരധിവാസ സ്ഥലത്ത് ആവശ്യമായ പൊതുവായ ക്രമീകരണങ്ങൾ ഉണ്ടാകും.

വീട് നഷ്ടപ്പെട്ടവർക്കാണ് പുനരധിവാസത്തിൽ മുൻഗണന നൽകുക. മാറി താമസിക്കേണ്ടി വന്നവരെ രണ്ടാം ഘട്ടത്തിൽ പരിഗണിക്കും. പുനരധിവാസ പാക്കേജിൽ ജീവനോപാധി ഉറപ്പാക്കും. തൊഴിലെടുക്കാൻ കഴിയുന്ന പരമാവധി പേർക്ക് തൊഴിൽ ഉറപ്പുവരുത്തും. എല്ലാ സ്ത്രീകൾക്കും അവർക്ക് താൽപര്യമുള്ള തൊഴിലിൽ ഏർപ്പെടുന്നതിന് ആവശ്യമായ പരിശീലനവും ഇതോടൊപ്പം നൽകും. വടകകെട്ടിടങ്ങളിൽ കച്ചവടം നടത്തുന്നവരെ കൂടി പുനരധിവാസത്തിൻറെ ഭാഗമായി സംരക്ഷിക്കും.

ബാങ്കുകളിൽ നിന്നും സ്വകാര്യ മേഖലയിൽ നിന്നും കടമെടുത്തവരുണ്ട്. അവ എഴുതി തള്ളുകയെന്ന പൊതുനിലപാടിലാണ് ബാങ്കിങ്ങ് മേഖല ഇപ്പോൾ ഉള്ളത്. ഇക്കാര്യത്തിൽ അവസാന തീരുമാനം ബാങ്ക് ഭരണ സമിതികളിലാണ് ഉണ്ടാകേണ്ടത്. റിസർവ്വ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും ഇക്കാര്യത്തിൽ ബന്ധപ്പെടും.  സ്വകാര്യ വ്യക്തികൾ കടം ഈടാക്കുന്നത് പൊതുധാരണയ്‌ക്കെതിരാണ് എന്നതിനാൽ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടും. സ്‌പെഷ്യൽ പാക്കേജാണ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത്. 

സെപ്തംബർ രണ്ടാം തിയതി സ്‌കൂൾ പ്രവേശനോത്സവം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.  ദുരന്തബാധിത പ്രദേശത്തെ സ്‌കൂളിനോടുള്ള വികാരം കണക്കിലെടുത്ത് അവിടെയുള്ള സ്‌കൂൾ പുനർനിർമ്മിച്ച് നിലനിർത്താനാവുമോ എന്ന് വിദഗ്ധർ പരിശോധിക്കും. ഒപ്പം പുനരധിവാസ സ്ഥലത്ത് ആവശ്യമായ വിദ്യാലയങ്ങൾ ഒരുക്കുക കൂടി ചെയ്യും.

സൈക്ലോൺ മുന്നറിയിപ്പുകൾ നല്ല രീതിയിൽ ലഭ്യമാകുന്നുണ്ടെങ്കിലും ഉരുൾപൊട്ടൽ പോലെ ഇപ്പോൾ സംഭവിച്ച കാര്യത്തിൽ വേണ്ടത്ര മുന്നറിയിപ്പുകൾ ലഭ്യമാകേണ്ടതുണ്ട്. അക്കാര്യത്തിൽ കേന്ദ്ര ഏജൻസിയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കാലാവസ്ഥ വ്യതിയാന പഠന സ്ഥാപനം കൂടുതൽ ശക്തിപ്പെടുത്തും. കേന്ദ്ര സർക്കാർ ഏജൻസിയുടെ സഹായവും ഇക്കാര്യത്തിൽ തേടും.

കർഷകർക്ക് കൃഷി ചെയ്യാനുള്ള സൗകര്യം പാക്കേജിൻറെ ഭാഗമായി പരിഗണിക്കും. നല്ലമനസോടെയാണ് മിക്കവരും  സ്‌പോൺസർഷിപ്പുമായി വരുന്നത് എന്നത് സ്വാഗതാർഹമാണ്. സ്‌പോൺസർമാരെ ഏകോപിപ്പിക്കാനുള്ള ശ്രമം നടത്തും.

യോഗത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ബിനോയ് വിശ്വം (സിപിഐ), ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ, ടി സിദ്ദിഖ് എംഎൽഎ, പിഎംഎ സലാം (ഐയുഎംഎൽ), ജോസ് കെ മാണി (കേരളകോൺഗ്രസ് എം), അഹമ്മദ് ദേവർകോവിൽ (ഐഎൻഎൽ), കെ വേണു (ആർഎംപി) ,  പി ജെ ജോസഫ് (കേരള കോൺഗ്രസ്), മാത്യു ടി തോമസ് (ജനതാദൾ - സെക്കുലർ), ഉഴമലയ്ക്കൽ വേണുഗോപാൽ (കോൺഗ്രസ് എസ്), ഡോ. വർഗീസ് ജോർജ് (രാഷ്ട്രീയ ജനതാദൾ), പി സി ജോസഫ് ( ജനാധിപത്യ കേരള കോൺഗ്രസ്),  കെ ജി പ്രേംജിത്ത് (കേരള കോൺഗ്രസ് - ബി), അഡ്വ. ഷാജ ജി എസ് പണിക്കർ( ആർഎസ്പി - ലെനിനിസ്റ്റ്), മന്ത്രിമാരായ കെ രാജൻ, പി.എ മുഹമ്മദ് റിയാസ്, എം ബി രാജേഷ്, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഒ ആർ കേളു,  ചീഫ് സെക്രട്ടറി ഡോ.വേണു വി എന്നിവർ പങ്കെടുത്തു.

Tags