വീണ്ടെടുക്കാം, മാഞ്ഞുപോയ ചിരികള്‍; 136 കുടുംബങ്ങള്‍ സന്ദര്‍ശിച്ച് കരുതലായി വയനാട് പോലീസ്
മേപ്പാടി: 'ഒപ്പം ചിരിക്കാം' പദ്ധതിയുടെ ഭാഗമായി ആറു ദിവസത്തിനുള്ളില്‍ 136 കുടുംബങ്ങള്‍ സന്ദര്‍ശിച്ച് വയനാട് പോലീസ്. മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിനുശേഷം ബന്ധുവീടുകളിലും, മറ്റു വാടകവീടുകളിലും താമസിക്കുന്ന കുടുംബങ്ങളെയാണ് പോലീസ് ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരുമടങ്ങുന്ന സംഘം സന്ദര്‍ശിച്ചു. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും മുക്തരാകാത്ത കുട്ടികളും വയോധികരുമടങ്ങുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കുകയാണ് ലക്ഷ്യം.
വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദ്ദേശ പ്രകാരം ഡി ക്യാപ്പ് പദ്ധതിയുടെ അസി. നോഡല്‍ ഓഫിസര്‍ കെ. മോഹന്‍ദാസ്, ജനമൈത്രി ജില്ലാ അസി. നോഡല്‍ ഓഫിസര്‍ കെ.എം. ശശിധരന്‍, ഡി ക്യാപ്പ് പ്രൊജക്ട് അസിസ്റ്റന്റ് ടി.കെ. ദീപ, വിവിധ ജില്ലകളിലെ ഡി.സി.ആര്‍.സി, ഡി- ഡാഡ് പദ്ധതിയുടെ കീഴിലുള്ള കൗണ്‍സിലേഴ്സ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വ്യാഴാഴ്ചയിലെ സന്ദര്‍ശനം. വ്യാഴാ്‌ഴ്ച മാത്രം വിവിധ സംഘങ്ങളായി തിരിഞ്ഞ് 31 കുടുംബങ്ങള്‍ സന്ദര്‍ശിച്ചു.