വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് : വോട്ടെണ്ണലിന് ജില്ലയൊരുങ്ങി

home vote
home vote

വയനാട് : വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ്  വോട്ടെണ്ണലിന് ജില്ലയില്‍ വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു.  മൂന്ന് കേന്ദ്രങ്ങളിലായാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുക. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകള്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലാണ് എണ്ണുക. നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ അമല്‍ കോളേജ് മൈലാടിസ്‌കില്‍ ഡെവലപ്പ്മെന്റ് ബില്‍ഡിങ്ങിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കൂടത്തായി സെന്റ് മേരീസ് എല്‍.പി സ്‌കൂളിലുമാണ് എണ്ണുക. തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവരെ വോട്ടെണ്ണിലിനായി നിയോഗിച്ചു. വോട്ടെണ്ണല്‍ രാവിലെ എട്ടിന് തുടങ്ങും.
മാനന്തവാടി നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ എസ്.കെ.എം.ജെ സ്‌കൂള്‍ ജൂബിലി ഹാളിലും സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ എസ്.ഡി.എം സ്‌കൂളിലും കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വോട്ടുകള്‍ എസ്.കെ.എം.ജെ സ്‌കൂള്‍ ഹാളിലുമാണ് എണ്ണുക.

*ആദ്യം എണ്ണിതുടങ്ങുക തപാല്‍ വോട്ടുകള്‍*

തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഇതിനായി കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിലെ മൂന്ന് ഹാളുകളിലായി  24 ടേബിളുകള്‍ സജ്ജമാക്കി. 11000 ത്തോളം തപാല്‍ വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്. റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തില്‍ നടക്കുന്ന തപാല്‍ പ്രീ-കൗണ്ടിങിന് പത്ത് ടേബിളുകളാണ് സജ്ജമാക്കിയിട്ടുള്ളത്.  രാവിലെ 8 മുതല്‍ തപാല്‍ വോട്ടുകള്‍ എണ്ണിതുടങ്ങും. വയനാട് ലോക്സഭാ മണ്ഡലത്തിലെ മുഴുവന്‍ തപാല്‍ വോട്ടുകളും കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളിലാണ് എണ്ണുന്നത്. രാവിലെ 8.30 ന് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണി തുടങ്ങും. ഇതിനായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ 14  ടേബിളുകളാണ് ക്രമീകരിച്ചിരിക്കുന്നത്. പോളിങ് സ്റ്റേഷനുകള്‍ കുറവുള്ള ഏറനാട് മണ്ഡലത്തിലെ വോട്ട് എണ്ണുന്നതിന് 12 ടേബിളുകളാണ് ഒരുക്കുക. സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണല്‍ നടക്കുക. ഒന്നുമുതല്‍  14 വരെയുള്ള ബൂത്തുകള്‍ ക്രമത്തില്‍ 14 ടേബിളുകളിലായി ആദ്യ റൗണ്ടില്‍ എണ്ണും. 15 മുതല്‍ 28 വരെയുള്ള ബൂത്തുകള്‍ രണ്ടാം റൗണ്ടിലും അതിന് തുടര്‍ച്ചയായുള്ള ബൂത്തുകള്‍ തുടര്‍ റൗണ്ടുകളിലും എണ്ണും.  


വയനാട് ലോക്സഭാ മണ്ഡലത്തില്‍ മൂന്ന് കൗണ്ടിങ് ഒബ്സര്‍വര്‍മാരെ നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൗണ്ടിങ് ഹാളുകളില്‍ സി.സി.ടി.വി നിരീക്ഷണം ഉറപ്പാക്കും. വോട്ടെണ്ണലിന്റെ തത്സമയ ഫലം അറിയാന്‍ വോട്ടെണ്ണല്‍ കേന്ദ്രമായ എസ്.കെ.എം.ജെ സ്‌കൂളില്‍ പി.ആര്‍.ഡി മീഡിയാ സെന്റര്‍ ഒരുക്കിയിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് നേരിട്ടുള്ള വേട്ടെണ്ണല്‍ ഫലങ്ങള്‍ മീഡിയ സെന്റര്‍ വഴി ലഭ്യമാക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക കൗണ്ടിങ്ങ് മീഡിയ പാസ്സ് ലഭിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമായിരിക്കും മീഡിയ സെന്ററിലേക്കുള്ള പ്രവേശനം.
പോസ്റ്റല്‍, ഇ.വി.എം വോട്ടെണ്ണല്‍ പൂര്‍ത്തീകരിച്ച ശേഷം മാത്രമാണ് വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുക. വോട്ടെണ്ണലിന് ശേഷം ഇലക്ട്രോണിക് യന്ത്രങ്ങള്‍ അതത് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സീല്‍ ചെയ്ത് തിരികെ വെയര്‍ ഹൗസുകളില്‍ സൂക്ഷിക്കും.
 

Tags