വയനാട് ഉരുൾപൊട്ടൽ ; 73 മൃതദേഹങ്ങൾ കണ്ടെടുത്തു ; നൂറിലേറെ പേർ മണ്ണിനടിയിൽ

wayanad
wayanad

കൽപ്പറ്റ: വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. പലയിടങ്ങളിലായി 73 മൃതദേഹങ്ങൾ ഇതിനകം കണ്ടെടുത്തുവെന്നാണ് റിപ്പോർട്ട്. ഇതിൽ 33 പേരെ തിരിച്ചറിഞ്ഞു.

റംലത്ത് (58), അഷ്റഫ് (49), കുഞ്ഞിമൊയ്തീൻ (65), ലെനിൻ, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജീന, ദാമോദരൻ, കൗസല്യ, വാസു, അ‍‍യിഷ, ആമിന, ജഗദീഷ്, അനസ്, അഫ്സിയ സക്കീർ, നഫീസ (60), ജമീല (65), ഭാസ്കരൻ (62), സഹാന (7), ആഷിന (10), അശ്വിൻ (14) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇതിൽ സഹാന (7), ആഷിന (10), അശ്വിൻ (14) എന്നിവർ കുട്ടികളാണ്.

പരിക്കേറ്റ നൂറിലധികം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിംസ് ആശുപത്രിയിൽ 77 പേരും മേപ്പാടി കമ്യൂണിറ്റി ഹെൽത് സെന്‍ററിൽ 27 പേരും ബത്തേരി താലൂക്ക് ആശുപത്രിയിൽ 27 പേരും കൽപറ്റ സർക്കാർ ആശുപത്രിയിൽ 12 പേരും ചികിത്സിയിലാണ്.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നൂറിലേറെ പേർ മണ്ണിനടിയിലാണ്. ഗുരുതര പരിക്കേറ്റവരടക്കം പ്രദേശത്ത് ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇവർക്കരികിലേക്ക് രക്ഷാപ്രവർത്തകർക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ല. മേപ്പാടി ഹെൽത്ത് സെന്ററിൽ 18 മൃതദേഹങ്ങളും സ്വകാര്യ മെഡിക്കൽ കോളജിൽ അഞ്ച് മൃതദേഹങ്ങളുമുണ്ടെന്നാണ് ജില്ല ഭരണകൂടം നൽകുന്ന വിവരം.

ചാലിയാറിലൂടെ നിലമ്പൂരിലേക്ക് ഒഴുകി വന്നത് 20 മൃതദേഹങ്ങളാണ്. നൂറിലേറെ പേർ വിവിധ ആശുപത്രിയിലായി ചികിത്സയിലുണ്ട്. മുണ്ടക്കൈ ട്രീവാലി റിസോർട്ടിൽ 100 ലേറെ പേർ കുടുങ്ങി കിടക്കുന്നു. ചൂരൽമലയിൽ നിന്ന് 101 പേരെ രക്ഷപ്പെടുത്തി. കനത്ത മഴ തുടരുന്നതിനാൽ ചാലിയാറിലും ജനനിരപ്പ് ഉയരുകയാണ്. ചാലിയാറിന് കുറുകെ വടംകെട്ടി കരകടന്നാണ് മൃതദേഹം ആശുപത്രിയിലെത്തിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് സൈന്യവും ദുരന്തഭൂമിയിലെത്തിയിട്ടുണ്ട്. കലാവസ്ഥ പ്രതികൂലമായതിനാൽ എയർലിഫ്റ്റിങ് നടത്താനായിട്ടില്ല. ദുരന്തത്തിൽ മുണ്ടക്കൈ ടൗൺ പൂർണമായും ഇല്ലാതായി.

മേപ്പാടി മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളില്‍ ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടലുണ്ടായത്. പുലർച്ചെ ഒരു മണിയോടെ കനത്ത മഴക്കിടെയാണ് മുണ്ടക്കൈ ടൗണിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെയാണ് ചൂരൽമല സ്കൂളിനു സമീപം രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്.

ഉരുൾപൊട്ടലിൽ നിരവധി വീടുകൾ ഒലിച്ചുപോയി. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആർ.എഫ്) യുടെ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. പാലം തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. 2019ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലക്ക് സമീപമാണ് ചൂരൽമലയും മുണ്ടക്കൈയും.

നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്‍റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് ഉണ്ടായത്. 400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വയനാട് ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. കാണാതായവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. റവന്യു മന്ത്രി കെ. രാജൻ, മന്ത്രി ഒ.ആര്‍. കേളു ഉള്‍പ്പെടെയുള്ളവര്‍ വയനാട്ടിലേക്ക് തിരിച്ചു.

Read also : ഉരുൾപൊട്ടൽ ദുരന്തം വിതച്ച സ്ഥലങ്ങളിലെ വൈദ്യുതി ബന്ധം ഇന്നുതന്നെ പുനസ്ഥാപിക്കും : മന്ത്രി കെ. കൃഷ്ണൻകുട്ടി

ആരോഗ്യ വകുപ്പ് -ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭ്യമാവാൻ 9656938689, 8086010833 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ചൂരൽമലയിൽ താലൂക്ക്തല ഐ.ആർ.എസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. കൺട്രോൾ റൂം നമ്പറുകൾ: ഡെപ്യൂട്ടി കലക്ടർ- 8547616025, തഹസിൽദാർ വൈത്തിരി - 8547616601, കൽപ്പറ്റ ജോയിൻറ് ബി.ഡി.ഒ ഓഫീസ് - 9961289892, അസിസ്റ്റൻറ് മോട്ടോർ വാഹന ഇൻസ്പെക്ടർ - 9383405093, അഗ്നിശമന സേന അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ - 9497920271, വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ - 9447350688.

അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി, ടി. സിദ്ദിഖ് എം.എൽ.എ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്. എൻ.ഡി.ആർ.എഫ് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട ആളുകളെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.

Tags