മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍:വാടക വീടുകളിലുള്ളവരുടെ വിവരശേഖരണം പൂര്‍ത്തിയായി

wayanad  landslide
wayanad  landslide

വയനാട് : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജില്ലയിലെ വിവിധ തദ്ദേശസ്ഥാപന പരിധികളിലെ വാടക വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ വിവരശേഖരണം പൂര്‍ത്തിയായതായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. 

വാടക വീടുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് വാടകയിനത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച തുക അനുവദിക്കാനുള്ള വിവര ശേഖരണമാണ് പൂര്‍ത്തിയായത്്. സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ വൈത്തിരി താലൂക്ക് ഓഫീസില്‍ നിന്നും ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക നിക്ഷേപിക്കുമെന്ന് റവന്യൂ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയിലെ 18 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 888 കുടുംബങ്ങളാണ് താത്ക്കാലിക പുനരധിവാസ പ്രകാരം മാറി താമസിച്ചത്.

 388 കുടുംബങ്ങള്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലും മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ 146 കുടുംബങ്ങളും 143 കുടുംബങ്ങള്‍ കല്‍പ്പറ്റ നഗരസഭാ പരിധിയിലും മുട്ടില്‍ -64, കണിയാമ്പറ്റ-38, വൈത്തിരി- 37, അമ്പലവയല്‍-23, വെങ്ങപ്പള്ളി-15, നെന്മേനി-10, മീനങ്ങാടി- 8, പൊഴുതന-7, വെള്ളമുണ്ട- 2, പനമരം-2, കോട്ടത്തറ, തരിയോട്, തിരുനെല്ലി, പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധികളിലായി ഓരോ കൂടുംബം വീതമാണ് താമസിക്കുന്നത്. വാടക ഇനത്തില്‍ ലഭിക്കേണ്ട 6000 രൂപ അനുവദിക്കുന്നതിന് കുടുംബനാഥന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ രേഖപ്പെടുത്തിയ സത്യവാങ്മൂല ശേഖരണവും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ മെമ്പര്‍മാര്‍, ജീവനക്കാര്‍ മുഖേനയാണ് സത്യവാങ്മൂലം ശേഖരിച്ചത്. സത്യവാങ്മൂലം നടപടി പൂര്‍ത്തീകരിച്ച 888 അപേക്ഷകളില്‍ 363 എണ്ണത്തില്‍ പരിശോധന പൂര്‍ത്തിയായി. മറ്റുള്ള അപേക്ഷകളില്‍ പരിശോധന പുരോഗമിക്കുകയാണ്.
 

Tags