വയനാട് ഉരുൾപൊട്ടൽ : 107 മൃതദേഹങ്ങൾ കണ്ടെടുത്തു; 33 പേരെ തിരിച്ചറിഞ്ഞു

wayanad
wayanad

കൽപ്പറ്റ: വയനാടിനെ നടുക്കിയ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. പലയിടങ്ങളിലായി 107 മൃതദേഹങ്ങൾ ഇതിനകം കണ്ടെടുത്തുവെന്നാണ് വയനാട് ജില്ല ഭരണകൂടം അറിയിച്ചത്. ഇതിൽ 33 പേരെ തിരിച്ചറിഞ്ഞു. റംലത്ത് (58), അഷ്റഫ് (49), കുഞ്ഞിമൊയ്തീൻ (65), ലെനിൻ, വിജീഷ് (37), സുമേഷ് (35), സലാം (39), ശ്രേയ (19), പ്രേമലീല, റെജീന, ദാമോദരൻ, കൗസല്യ, വാസു, അ‍‍യിഷ, ആമിന, ജഗദീഷ്, അനസ്, അഫ്സിയ സക്കീർ, നഫീസ (60), ജമീല (65), ഭാസ്കരൻ (62), സഹാന (7), ആഷിന (10), അശ്വിൻ (14) എന്നിവർ ഉൾപ്പെടും. ഇതിൽ സഹാന (7), ആഷിന (10), അശ്വിൻ (14) എന്നിവർ കുട്ടികളാണ്.

പരിക്കേറ്റ നൂറിലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളതായി ജില്ലാ ഭരണകൂടം അറിയിച്ചു. കൽപറ്റ ഗവൺമെന്‍റ് ആശുപത്രിയിൽ 12 പേരും വിംസ് ആശുപത്രിയിൽ 80 പേരും മേപ്പാടി കമ്യൂണിറ്റി ഹെൽത് സെന്‍ററിൽ 27 പേരും ചികിത്സിയിലാണ്. ഇതിൽ ഒമ്പത് പേർ വിംസ് ആശുപത്രിയിലെ ഐ.സി.യുവിലാണ്.

വിവിധ ആശുപത്രികളിൽ 60 പേരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. വിംസ് ആശുപത്രിയിൽ ഒമ്പത് പേരുടെയും മേപ്പാടി കമ്യൂണിറ്റി ഹെൽത് സെന്‍ററിൽ 49 പേരുടെയും വൈത്തിരി താലൂക്ക് ആശുപത്രിയിൽ ഒരാളുടെയും ബത്തേരി താലൂക്ക് ആശുപത്രിയിലും ഒരാളുടെയും മൃതേദഹങ്ങളാണ് സൂക്ഷിച്ചിട്ടുള്ളത്.

ദുരന്തത്തിൽപ്പെട്ട 25 പേരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണ് നിലമ്പൂർ മേഖലയിൽ ചാലിയാർ പുഴയിൽ കണ്ടെത്തി. 16 മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഒമ്പതെണ്ണം വാണിയമ്പുഴ, ഇരുട്ടുകുത്തി നഗറുകൾക്ക് സമീപം ഇൻക്വസ്റ്റ് നടപടിയിലാണ്. ദുരന്തത്തിൽപ്പെട്ട മൂന്നു പേരെ കാണാനില്ല. ആറു മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പുരോഗമിക്കുകയാണ്.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. നൂറിലേറെ പേർ മണ്ണിനടിയിലാണ്. ഗുരുതര പരിക്കേറ്റവരടക്കം മുണ്ടക്കൈയിലെ കുന്നിൻമുകളിലും ട്രീവാലി റിസോർട്ടിലുമായി 250 പേർ കുടുങ്ങി കിടക്കുകയാണ്. കുന്നിൻമുകളിൽ 150 പേരും റിസോർട്ടിൽ 100 പേരുമാണുള്ളത്. ഇവർക്കരികിലേക്ക് എത്തിച്ചേരാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ചൂരൽമലയിൽ നിന്ന് 101 പേരെ രക്ഷപ്പെടുത്തി.

Tags