നിലമ്പൂരിൽ മലയോര ജനതയുടെ പ്രശ്നങ്ങൾ അറിയുന്ന വി.എസ് ജോയിയെ സ്ഥാനാർഥിയാക്കണം : പി.വി അൻവർ
തിരുവനന്തപുരം: നിലമ്പൂരിൽ മലയോര ജനതയുടെ പ്രശ്നങ്ങൾ അറിയുന്ന വി.എസ് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് പി.വി അൻവർ. വരാനിരിക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വി.എസ് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം പി.വി അൻവർ ഉന്നയിച്ചത്.
മലയോര ജനത അനുഭവിക്കുന്ന വന്യജീവി പ്രശ്നം ഉൾപ്പടെയുള്ളവയെ കുറിച്ച് കൃത്യമായി അറിയുന്നയാളാണ് വി.എസ് ജോയ്. വി.എസ് ജോയി താനുമായി വന്യജീവി പ്രശ്നം നിരന്തരമായി സംസാരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പോടെ രാജിവെച്ച് പാർട്ടിയിൽ ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടാമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊൽക്കത്തയിൽ മമത ബാനർജിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദീദി എന്ന് എല്ലാവരും സ്നേഹപൂർവം വിളിക്കുന്ന മമത രാജിവെക്കാൻ പറഞ്ഞത്.
സ്വതന്ത്രനായി ജയിച്ച് എം.എൽ.എയായതിനാൽ മറ്റൊരു പാർട്ടിയിൽ ചേരുമ്പോൾ നിയമപ്രശ്നങ്ങൾ ഉണ്ട്. വനനിയമം നിരവധി മനുഷ്യരുടെ പ്രശ്നമായതിനാൽ കാലതാമസം പാടില്ലെന്നും ഉടൻ രാജിവെച്ച് പ്രവർത്തിക്കണമെന്നും മമത ആവശ്യപ്പെട്ടു.
ഇതിന് പിന്നാലെ കഴിഞ്ഞ 11ന് (ശനിയാഴ്ച) തന്നെ സ്പീക്കർക്ക് രാജിക്കത്ത് ഇമെയിൽ ചെയ്തിരുന്നു. എന്നാൽ, നേരിട്ട് കൈമാറണമെന്ന നിർദേശം ലഭിച്ചതിനാലാണ് കൊൽക്കത്തയിൽനിന്ന് വന്ന ശേഷം ഇന്ന് രാജിക്കത്ത് കൈമാറിയതെന്നും പി.വി അൻവർ പറഞ്ഞു.