വിഴിഞ്ഞത്ത് സംഘര്‍ഷം, സമരക്കാരും പൊലീസും തമ്മില്‍ ഉന്തുംതള്ളും
vizhijanam



തിരുവനന്തപുരം: വിഴിഞ്ഞം വാണിജ്യ തുറമുഖത്തിനെതിരെ ആയിരങ്ങളെ അണിനിരത്തി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ബഹുജന മാര്‍ച്ച്. മത്സ്യബന്ധന തുറമുഖത്ത് നിന്ന് പദ്ധതി പ്രദേശത്തേക്കായിരുന്നു മാര്‍ച്ച്. പദ്ധതി പ്രദേശത്തേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുന്നതിനിടെ സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുറമുഖത്തെ അനുകൂലിച്ച് ബൈക്ക് റാലി നടത്തിയവരേയും പൊലീസ് തടഞ്ഞു.

മൂലമ്പള്ളിയില്‍ നിന്ന് ബുധനാഴ്ച തുടങ്ങിയ ജനബോധനയാത്ര അഞ്ചു തെങ്ങിലൂടെ കടന്ന് വിഴിഞ്ഞം മല്‍സ്യബന്ധന തുറമുഖത്ത് സമാഗമിച്ചു. അവിടെ നിന്ന് വൈദികരും വിശ്വാസികളും മല്‍സ്യത്തൊഴിലാളികളും അണിനിരന്ന് പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടന്നു. 


സമര പന്തലിന് അടുത്തെത്തിയപ്പോള്‍ പദ്ധതി പ്രദേശത്തേക്ക് കടക്കാന്‍ സമരക്കാര്‍ ശ്രമം നടത്തി. ബാരിക്കേഡ് ഉപയോഗിച്ച് സമരക്കാരെ തടഞ്ഞ പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. 

സമരപന്തലില്‍ അഡ്വ . പ്രശാന്ത് ഭൂഷണ്‍ ഉദ്ഘാടനം ചെയ്ത സമാപന സമ്മേളനത്തിനിന് ഇടയിലും സംഘര്‍ഷമുണ്ടായി. പദ്ധതിയെ അനുകൂലിക്കുന്ന നാട്ടുകാരുടെ കൂട്ടായ്മയും സ്ഥലത്ത് എത്തിയെങ്കിലും സമരപ്പന്തലിന് എതിര്‍ വശത്ത് പൊലീസ് തടഞ്ഞു. സംഘര്‍ഷം ഒഴിവാക്കാന്‍ ഇരുവര്‍ക്കുമിടയില്‍ പൊലീസ് മതില്‍ തീര്‍ത്തു. നാളെ മുതല്‍ അടുത്ത മാസം മൂന്നു വരെ 24 മണിക്കൂര്‍ ഉപവാസം നടത്തി സമരം ശക്തമാക്കാനാണ് സമരസമിതി തീരുമാനം. സംസ്ഥാന വ്യാപകമായി ഐക്യദാര്‍ഡ്യ സമ്മേളനങ്ങളും നടത്തും.

അതേസമയം സമരത്തിനെതിരെ കേന്ദ്രസേനയെ നിയോഗിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്നാണ് സമരസമിതിയുടെ ആരോപണം. പുനരധിവാസത്തിന്റെ ഭാഗമായി മുട്ടത്തറയില്‍ നിര്‍മിക്കുന്ന ഫ്‌ലാറ്റുകള്‍ സ്വീകാര്യമല്ലെന്നും പകരം മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥലം പതിച്ചു നല്‍കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. 

തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്നും ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ വായിച്ചു. ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നില്‍ പോലും സര്‍ക്കാര്‍ കൃത്യമായ മറുപടിതന്നിട്ടില്ലെന്നും ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരണണെന്നും സര്‍ക്കുലറിലുണ്ട്. വിഴിഞ്ഞം സമരത്തില്‍ തുടര്‍ച്ചയായ നാലാം ഞായറാഴ്ചയാണ് ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ പള്ളികളില്‍ വായിക്കുന്നത്.
 

Share this story