വിസ്മയ കേസ് ; പ്രതിക്ക് ജയിലിനുള്ളിൽ സഹായം ലഭിച്ചു, കിരണിന് പരോൾ അനുവദിച്ചതിനെതിരെ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് വിസ്മയയുടെ പിതാവ്
കൊല്ലം : സ്ത്രീധന പീഡനത്തെ തുടർന്ന് ആയുർവേദ മെഡിക്കൽ വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് പരോൾ അനുവദിച്ചതിനെതിരെ വിമർശനവുമായി പിതാവ് ത്രിവിക്രമൻ. പ്രതിക്ക് പരോൾ അനുവദിച്ച നടപടി പൊലീസ് റിപ്പോർട്ടിന് വിരുദ്ധമാണെന്ന് ത്രിവിക്രമൻ മാധ്യമങ്ങളോട് പറഞ്ഞു.
ജയിലിനുള്ളിൽ നിന്ന് പ്രതിക്ക് സഹായം കിട്ടിയെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകുമെന്നും ത്രിവിക്രമൻ വ്യക്തമാക്കി.
സ്ത്രീധന പീഡനത്തെ തുടർന്ന് ആയുർവേദ മെഡിക്കൽ വിദ്യാർഥിനി വിസ്മയ ജീവനൊടുക്കിയ കേസിലെ പ്രതി കിരൺ കുമാറിന് 30 ദിവസത്തെ പരോളാണ് അനുവദിച്ചത്. പൊലീസ് റിപ്പോർട്ട് എതിരായിട്ടും ജയിൽ മേധാവിയാണ് പരോള്‍ അനുവദിച്ചത്.
10 വർഷത്തെ തടവിനാണ് കിരണിനെ ശിക്ഷിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നൽകിയെങ്കിലും പെബ്രേഷൻ റിപ്പോർട്ടും പൊലീസ് റിപ്പോർട്ടും എതിരായതിനാൽ ജയിൽ സൂപ്രണ്ട് അപേക്ഷ തള്ളി.
എന്നാൽ, രണ്ടാമത് നൽകിയ അപേക്ഷയിൽ പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായും പൊലീസ് റിപ്പോർട്ട് പ്രതികൂലമായും വന്നു. പിന്നീട് ജയില്‍ മേധാവി പരോള്‍ അനുവദിക്കുകയായിരുന്നു.