തൃക്കാക്കരയിലെ ചരിത്രം നോക്കേണ്ട; പ്രചാരണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടണമെന്ന് മുഖ്യമന്ത്രി
cm pinarayi vijayan

തൃക്കാക്കര : തൃക്കാക്കര മണ്ഡലത്തിന്റെ ഇതുവരെയുള്ള ചരിത്രം നോക്കേണ്ടെന്നും ശക്തമായ പ്രവർത്തനം വഴി എതിരാളികളുടെ കുത്തക മണ്ഡലം പിടിച്ച രീതി തൃക്കാക്കരയിലും ആവർത്തിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അട്ടിമറിക്കാൻ കഴിയാത്ത മണ്ഡലമല്ല. തൃക്കാക്കരയിൽ ജയം അസാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കര ഈസ്റ്റ് ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തത്. 

മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് മുമ്പ് ബൂത്ത് സെക്രട്ടറിമാർ ഓരോ ബൂത്തിലും ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രചാരണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടണമെന്നും ലോക്കൽ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി നി‍ർദേശിച്ചു. 

മൂന്ന് ദിവസം കൊണ്ട് പത്ത് ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. താഴേത്തട്ടിലെ യോഗങ്ങളിൽ പങ്കെടുത്ത് മണ്ഡലത്തിൽ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രി പ്രചാരണം ഏകോപിപ്പിക്കുന്നത്. തൃക്കാക്കരയിൽ തുടരുന്ന മുഖ്യമന്ത്രി അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ തലസ്ഥാനത്തേക്ക് മടങ്ങൂ. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരും 60 എംഎൽഎമാരും മണ്ഡലത്തിൽ സജീവമാണ്.

ഭരണകേന്ദ്രം തന്നെ തൃക്കാക്കരയാക്കി ഇടത് മുന്നണി അടവുകൾ പയറ്റുമ്പോൾ മറുപക്ഷത്ത് പ്രതിപക്ഷ നേതാവ് തന്നെയാണ് യുഡിഎഫ് പ്രചാരണ നായകൻ. ചിന്തൻ ശിബിരം കഴിഞ്ഞ് ഇന്ന് രാത്രി തിരിച്ചെത്തുന്ന വി ഡി സതീശനും നേതാക്കളും നാളെ മുതൽ ബൂത്ത് തലത്തിലേക്കിറങ്ങി തൃക്കാക്കരയിൽ സജീവമാകും.

Share this story