കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് വുമണ്‍ ഡോക്ടറായി വിഭ
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് വുമണ്‍ ഡോക്ടറായി ഒരു പാലക്കാടുകാരി. പാലക്കാട് അകത്തേത്തറ സ്വദേശിനി ഡോക്ടര്‍ വിഭയാണ് കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് വുമണ്‍ എംബിബിഎസ് ഡോക്ടറായത്. എംബിബിഎസ് പഠനത്തിന്റെ അവസാന കാലത്താണ് തന്റെ സ്വത്വം തിരിച്ചറിഞ്ഞു ട്രാൻസ്‍ വുമൺ ആയി മാറിയത്.
2021ലായിരുന്നു പാലക്കാട്ടുകാരന്‍ വിപിൻ വിഭയായി മാറിയത്. അപ്പോൾ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവസാനവര്‍ഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു . കുട്ടിക്കാലത്ത് തന്നെ തന്റെയുളളില്‍ ഒരു പെണ്ണാകാനുളള മോഹമുണ്ടെന്ന് വിഭ തിരിച്ചറിഞ്ഞിരുന്നു. നിര്‍ണ്ണായകമായത് പഠനകാലത്തെ ഒരു പ്രണയമാണ്.
കുടുംബത്തിന്റെയും കൂട്ടുകാരുടെയും ഭാഗത്തുനിന്ന് കിട്ടിയ പിന്തുണയാണ് ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാൻ സഹായിച്ചത്. പഠനത്തിന്റെ അവസാനനാളുകളിലാണ് ഹോര്‍മോണ്‍ തെറാപ്പിയടക്കം എടുത്തത്. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും വേദനകളും ഒക്കെ സഹിച്ചുതന്നെ പഠനം പൂര്‍ത്തിയാക്കി. ഇന്ന് പാലക്കാട് പുത്തൂരിലെ സ്വകാര്യ ക്ലിനിക്കില്‍ പ്രാക്ടീസ് ചെയ്യുകയാണ് വിഭ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനില്‍ ബേസിക്ക് സര്‍ട്ടിഫിക്കറ്റും വിഭ സ്വന്തമാക്കിയിട്ടുണ്ട്.