ബസ് യാത്രയ്ക്കിടെ വെയിലേറ്റ് ബുദ്ധിമുട്ടുന്നവർക്കായി 'വെയിൽ ആപ്പ്'
കോഴിക്കോട്: തുറന്നിട്ട ജനലിലൂടെ ക്ഷണിക്കാതെ വന്നുകയറുന്ന വെയില്‍ ബസ് യാത്ര ആരംഭിച്ചതുമുതലുള്ള ഒരു പ്രശ്‌നമാണ് . ഇരിക്കുന്ന സീറ്റില്‍ ആദ്യം വെയിലേറ്റില്ലെങ്കിലും പോകപ്പോകെ സൂര്യന്‍ നമ്മളെ തീക്ഷ്ണതയോടെ നോക്കുന്ന അവസ്ഥ ഉണ്ടായേക്കാം.
ഇത്തരം ഉഷ്ണാനുഭവങ്ങളില്‍നിന്ന് രക്ഷനേടാന്‍ മൂന്നുയുവാക്കള്‍ ചേര്‍ന്ന് ഒരു മൊബൈല്‍ ആപ്ലിക്കേഷന് രൂപംനല്‍കി - വെയില്‍ ആപ്പ്. പേരുപോലെ വെയില്‍ ഏതുസമയം, ഏതുഭാഗത്താണ് ഉണ്ടാവുകയെന്ന് വ്യക്തമാക്കുന്ന ഒരു ആപ്ലിക്കേഷനാണിത്. കോഴിക്കോട് ബാലുശ്ശേരിക്കാരന്‍ ഹാദി റഷീദ്, വടകര സ്വദേശി ടി.എസ്. ശ്രീലാല്‍, കണ്ണൂര്‍ സ്വദേശി ഹുദൈഫ അബ്ദുള്‍ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ആപ്പ് സജ്ജമാക്കിയത്.
പ്ലേ സ്റ്റോറില്‍ ഏതാനും ആഴ്ചകള്‍മുന്‍പ് പ്രത്യക്ഷപ്പെട്ട ആപ്പ് ഇന്‍സ്റ്റാള്‍ചെയ്ത് ഉപയോഗിക്കാം. എവിടെന്ന് എവിടേക്ക് യാത്രചെയ്യുന്നു, എപ്പോള്‍, ഏതുദിവസം എന്നുകൂടി വ്യക്തമാക്കിയാല്‍ ഏതുദിശയില്‍ എത്രനേരം വെയിലുണ്ടാകും എന്ന് ആപ്പ് പറയും. veyil.app എന്ന ആപ്പിനുപുറമേ ഇതേ പേരില്‍ വെബ് പേജും ഇവര്‍ ഒരുക്കിയിട്ടുണ്ട്. ആപ്പ് ഇന്‍സ്റ്റാള്‍ചെയ്ത് ഉപയോഗിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് വെബ്‌സൈറ്റ് സൗകര്യം നല്‍കാന്‍ തീരുമാനിച്ചത്.
ലോകത്തിന്റെ ഏതുഭാഗത്തുനിന്നും ഇത് ഉപയോഗിക്കാന്‍ സാധിക്കും. യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ വിവരം നല്‍കുമ്പോള്‍ ആ റൂട്ടിലെ ഓരോ നൂറു മീറ്റര്‍ ദൂരവും ജി.പി.എസിന്റെ സഹായത്തോടെ വിലയിരുത്തി അതില്‍ എത്ര കിഴക്കും പടിഞ്ഞാറും വരുന്നു എന്നുകണക്കാക്കും.
യാത്രാസമയം കൂടി പരിഗണിച്ച് സൂര്യന്റെ സ്ഥാനം നിര്‍ണയിച്ചാണ് ഏതുവശത്തെ സീറ്റില്‍ ഇരുന്നാലാണ് കുറവ് വെയില്‍ ഏല്‍ക്കുകയെന്ന് ആപ്പ് വിലയിരുത്തുന്നത്. ആപ്പിനെക്കാള്‍ ഇവരുടെ വെബ്‌സൈറ്റുകളായ www.veyil.app, www.veyilapp.com എന്നിവ മുഖേന യാത്ര ഉറപ്പിക്കുന്നവരും ധാരാളം