എയ്ഡഡ് നിയമനം സർക്കാരിന് വിട്ടുകൊടുക്കാം: വെള്ളാപ്പള്ളി
എല്ലാവര്‍ക്കും വോട്ടവകാശം, ഹൈക്കോടതി വിധി മറികടക്കാന്‍ സര്‍ക്കാരിനെ സമീപിക്കാന്‍ വെള്ളാപ്പള്ളി

ആലപ്പുഴ : മറ്റു മാനേജ്മെന്റുകളും തയാറെങ്കിൽ എസ്എൻഡിപി യോഗത്തിന്റെയും എസ്എൻ ട്രസ്റ്റിന്റെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനം സർക്കാരിനു വിട്ടുകൊടുക്കാമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിഎസ്‌സി വഴി നിയമനം നടത്തുമ്പോൾ ഈഴവ സമുദായം നേരിട്ട അനീതി വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യ കുറവുള്ള സമുദായങ്ങൾ കൂടുതൽ സ്ഥാപനങ്ങൾ കൈവശം വച്ചിരിക്കുന്നു. ഇവിടെയെല്ലാം നിയമനം നടത്തുന്നത് മാനേജരും ശമ്പളം നൽകുന്നത് സർക്കാരുമാണ്. എന്തു ജനാധിപത്യമാണിത്. കേരളത്തിൽ മാത്രമാണിത്. സംവരണം പോലും ഇവിടെ അട്ടിമറിക്കുന്നു– വെള്ളാപ്പള്ളി പറഞ്ഞു.

കേരളത്തിലെ ജനസംഖ്യയിൽ ചില വിഭാഗങ്ങൾ വളർച്ച നേടിയപ്പോൾ 33 ശതമാനമുണ്ടായിരുന്ന ഇൗഴവ സമൂദായം 25 ശതമാനമായി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പൂച്ചാക്കലിൽ മൈക്രോഫിനാൻസ് വായ്പ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Share this story