സംസ്ഥാനത്ത് സമഗ്ര ഗൃഹപരിചരണ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ കുഞ്ഞിനും ആവശ്യമായ കരുതലും, പരിചരണവും, പിന്തുണയും നല്‍കുന്നു എന്നുള്ളത് ഉറപ്പാക്കപ്പെടുന്നതിനായി സമഗ്ര ഗൃഹപരിചരണ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. നവജാത ശിശു സംരക്ഷണം കേരളം ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ്. നവജാതശിശു മരണനിരക്ക് 2021ല്‍ ആറ് ആയിരുന്നത് അഞ്ചിലേക്ക് എത്തിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. 2030നകം നവജാതശിശു മരണനിരക്ക് 12ല്‍ താഴ്ത്തുക എന്നതാണ് രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
മന്ത്രി വീണാ ജോര്‍ജിന്റെ കുറിപ്പ്: നവജാത ശിശു സംരക്ഷണം കേരളം ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ്. നവജാതശിശു മരണനിരക്ക് 2021ല്‍ 6 ആയിരുന്നത് 5ലേക്ക് എത്തിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട്. 2030-നകം നവജാതശിശു മരണനിരക്ക് 12-ല്‍ താഴ്ത്തുക എന്നതാണ് രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്ന്. സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ഹൃദ്യം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ശിശുമരണ നിരക്ക് കുറയ്ക്കുന്നതിന് പ്രധാന പങ്ക് വഹിച്ചു.
വീടുകളില്‍ ആശമാര്‍ നേരിട്ടെത്തി ഒന്നര വയസുവരെയുള്ള കുഞ്ഞുങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുമെന്നും മന്ത്രി അറിയിച്ചു. ശിശുപരിചരണത്തില്‍ മാതാപിതാക്കളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ഹെല്‍പ് ലൈന്‍ (ദിശ 1056, 104). പരിശീലനം സിദ്ധിച്ച നഴ്‌സുമാരുടെ സഹായം ഇതിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേക ചികിത്സാ പദ്ധതി ആവിഷ്‌ക്കരിച്ചു. 50 കുഞ്ഞുങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഈ പദ്ധതി പ്രകാരം ചികിത്സ നല്‍കി വരുന്നത്. കൂടുതല്‍ കുഞ്ഞുങ്ങളെക്കൂടി ഇതില്‍ ഉള്‍പ്പെടുത്തും.
അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി എസ്.എ.ടി.യില്‍ എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി എസ്.എ.ടി.യെ സെന്റര്‍ ഓഫ് എക്‌സലന്‍സായി ഉയര്‍ത്തി. വൃക്ക രോഗവുമായി ബന്ധപ്പെട്ട് പ്രത്യേക പ്രോഗ്രാം ആരംഭിക്കുന്നു. നവജാത ശിശു സംരക്ഷണ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിര്‍വഹിച്ചു. എസ്.എ.ടി. ആശുപത്രിയില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സുഖം പ്രാപിച്ച 75 നവജാത ശിശുക്കളുടെ മാതാപിതാക്കളുടെ സംഗമവും ഇതോടൊപ്പം നടന്നു.