അമ്മമാരോടും സഹോദരിമാരോടുമുള്ള നിങ്ങളുടെ നീതി ബോധം ഇതാണോ? കേരളത്തിലെ സ്ത്രീകളോടുള്ള അധിക്ഷേപത്തിന് കൂട്ടു നില്‍ക്കുകയാണ് മുഖ്യമന്ത്രി :വി.ഡി. സതീശൻ

vd satheeshan
vd satheeshan


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ത്രീ സുരക്ഷയെ കുറിച്ച് പ്രസംഗിക്കുന്ന മുഖ്യമന്ത്രി വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയ പ്രതികളെ ന്യായീകരിക്കുകയാണെന്നും വാക്കൗട്ട് പ്രസംഗത്തിൽ വി.ഡി സതീശൻ പറഞ്ഞു.

അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടി അനൂപ് ജേക്കബ് നടത്തിയ പ്രസംഗത്തില്‍ സ്ത്രീ സുരക്ഷയെ കുറിച്ച് മുഖ്യമന്ത്രി സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ പ്രസംഗിച്ചത് ഉദ്ധരിച്ചു. തന്റെ മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി അക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുമെന്നാണ് കരുതിയത്. പക്ഷെ കാലുമാറ്റത്തെ കുറിച്ച് സംസാരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കീഴിലുള്ള പൊലീസ് കിഡ്‌നാപ്പിങിന് കേസെടുത്ത ക്രിമിനലുകളെ ന്യായീകരിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണെന്നാണ് ഇന്ന് മറുപടിയിലൂടെ പുറത്തുവന്നത്.

കാലുമാറ്റമാണ് മുഖ്യമന്ത്രിക്ക് ഭയങ്കര വിഷമമുണ്ടാക്കിയ സംഭവം. കേരളത്തില്‍ എത്രയോ പഞ്ചായത്തുകളില്‍ എത്രയോ പേര്‍ അങ്ങോട്ടും ഇങ്ങോട്ടും കാലുമാറിയിരിക്കുന്നു. അവരെയൊക്കെ തട്ടിക്കൊണ്ടു പോകുകയാണോ വേണ്ടത്? ഒരു മാസം മുന്‍പ് വ്യവസായ മന്ത്രിയുടെ മണ്ഡലത്തിലെ കരുമാലൂര്‍ പഞ്ചായത്തില്‍ ഞങ്ങളുടെ ഒരു അംഗം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മാറ്റി വോട്ട് ചെയ്തു.

അവരോട് അന്ന് രാജി വയ്ക്കാനാണോ സി.പി.എം നിര്‍ദ്ദേശിച്ചത്? ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഈ കാലുമാറ്റക്കാരനെ സി.പി.എം വൈസ് പ്രസിഡന്റാക്കി. എന്നിട്ടും ഇവിടെ വന്ന് ഇങ്ങനെ സംസാരിക്കാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെയാണ് സാധിക്കുന്നത്? രാവിലെ കാലുമാറിയവനെ ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡന്റാക്കിയ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമല്ലേ നിങ്ങള്‍? എന്നിട്ടാണ് നിങ്ങള്‍ ഇവിടെ വന്ന് പ്രസംഗിക്കുന്നത്.

ഒരു സ്ത്രീ അവരുടെ സങ്കടങ്ങള്‍ മുഴുവന്‍ നേതൃത്വത്തോട് പറഞ്ഞു. അവരുടെ സങ്കടം എന്താണെന്ന് മുഖ്യമന്ത്രി ഒന്ന് അന്വേഷിക്കണം. വിധവയായ ആ സ്ത്രീക്ക് കടം വന്നപ്പോള്‍ അവരുടെ സ്ഥലം പാര്‍ട്ടി ഇടപെട്ട് വില്‍പ്പിച്ചു. ആ സ്ഥലം പാര്‍ട്ടി പറഞ്ഞ വിലയ്ക്കാണ് വിറ്റത്. പാര്‍ട്ടി ബ്രോക്കര്‍മാരായാണ് നിന്നത്. എന്നിട്ട് ഇതിന്റെ നാലിരട്ടി വിലയ്ക്ക് ആ സ്ഥലം മറ്റൊരാളെക്കൊണ്ട് വില്‍പ്പിച്ചു. കടബാധ്യത വന്നിട്ടാണ് അവര്‍ പരാതി അയച്ചത്.

ഇനി അവര്‍ യു.ഡി.എഫിന് അനുകലമായാണ് വോട്ട് ചെയ്യാന്‍ വന്നതെങ്കിലും നിങ്ങള്‍ അതിനെ ന്യായീകരിക്കാമോ? അവിടെ എന്താണ് നടന്നതെന്നതിന് അനൂപ് ജേക്കബ് ദൃക്‌സാക്ഷിയാണ്. അവരെ വസ്ത്രാക്ഷേപം ചെയ്തു. തലമുടിയില്‍ ചുറ്റിപ്പിടിച്ച് സാരി വലിച്ചു കീറി. കാറില്‍ കയറ്റി. നിങ്ങളൊക്കെ അങ്ങനെ ചെയ്യുന്ന ആളുകളാണെങ്കില്‍ വിരോധമില്ല. ഒരു സ്ത്രീയോടാണ് ഇതെല്ലാം ചെയ്തത്.

നിങ്ങള്‍ അതിനെയൊക്കെ ന്യായീകരിച്ചോ. അവരുടെ കാല് ഡോറില്‍ കുടുങ്ങി. കാല് കുടുങ്ങിയെന്നു പറഞ്ഞപ്പോള്‍ മകന്റെ പ്രായത്തേക്കാള്‍ കുറവ് പ്രായമുള്ളൊരു പയ്യന്‍ പറഞ്ഞത് കാല് വെട്ടിയെടുത്ത് തരാമെന്നാണ്. ഡി.വൈ.എഫ്.ഐയുടെ ബ്ലോക്ക് സെക്രട്ടറിയാണ് തട്ടിക്കൊണ്ടു പോയ കാര്‍ ഓടിച്ചത്. പുതിയ തലമുറയെ ഇത്തരം കാര്യങ്ങള്‍ ചെയ്യാനാണോ നിങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്? നിങ്ങള്‍ ക്രിമിനലുകളെ വളര്‍ത്തുകയാണ്. അമ്മയുടെ പ്രായമുള്ള സ്ത്രീയോടാണ് കാല് വെട്ടിത്തരാമെന്നു പറയുന്നത്. അമ്മമാരോടും സഹോദരിമാരോടുമുള്ള നിങ്ങളുടെ നീതി ബോധം ഇതാണോ?

തട്ടിക്കൊണ്ടു പോകുന്നതിന് പൊലീസ് എല്ലാ സഹായവും ചെയ്തു കൊടുത്തു. തട്ടിക്കൊണ്ടു പോകുന്ന കാറിനു മുന്നില്‍ ഒരു ലോറി വന്നുപെട്ടു. ആ ലോറി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ മാറ്റിക്കൊടുത്തു. തട്ടിക്കൊണ്ടു പോകാനുള്ള എല്ലാ സംവിധാനങ്ങളും ചെയ്തു. നമ്മുടേത് ഒരു പരിഷ്‌കൃത സമൂഹമാണ്. ആ കേരളത്തില്‍ നീതിയുടെ സംരക്ഷണം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും കൊടുക്കേണ്ട പൊലീസാണ് ഈ വൃത്തികേടിന് കൂട്ടു നിന്നത്. പൊലീസ് സേന ഇത്രമാത്രം അധപതിക്കാമോ? കാക്കിയിട്ടു കൊണ്ട് ഈ വൃത്തികേടിന് കൂട്ടുനില്‍ക്കാമോ? അങ്ങല്ലേ പൊലീസിന്റെ ഭരണാധികാരി?

പാര്‍ട്ടി നേതാക്കളെയാണ് പ്രതികളാക്കിയിരിക്കുന്നത്. ഒന്നാം പ്രതി പാര്‍ട്ടി ഏരിയാ സെക്രട്ടറിയാണ്. രണ്ടാം പ്രതി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണും മൂന്നാം പ്രതി വൈസ് ചെയര്‍മാനും നാലാം പ്രതി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമാണ്. ഏഴ് വര്‍ഷം വരെ തടവു ശിക്ഷ കിട്ടാവുന്ന കുറ്റമാണ് നിങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ ഒരു സ്ത്രീയോട് ചെയ്തത്. പരസ്യമായി പട്ടാപ്പകല്‍ സ്ത്രീയെ അപമാനിച്ചിട്ടാണ് പൊലീസിന്റെ ഉത്തരവാദിത്തമുള്ള മുഖ്യമന്ത്രി വന്ന് അതിനെ ഒരു കാലുമാറ്റം എന്ന തരത്തില്‍ ലഘൂകരിക്കാന്‍ ശ്രമിക്കുന്നത്. പണ്ട് കൗരവസഭയില്‍ ഇതുണ്ടായപ്പോള്‍ അന്ന് ദുശാസനന്‍മാരായിരുന്നു. ഇന്ന് നിങ്ങള്‍ ചരിത്രത്തില്‍ അഭിനവ ദുശാസനന്‍മാരായി മാറുമെന്നത് മറക്കേണ്ട.

കേരളത്തിലെ സ്ത്രീകളോടുള്ള അധിക്ഷേപത്തിന് മുഖ്യമന്ത്രി കൂട്ടു നില്‍ക്കുകയാണ്. ഒരു സി.പി.എം കൗണ്‍സിലര്‍ക്കാണ് ഇതു പറ്റിയത്. നാളെ നിങ്ങള്‍ക്ക് ആര്‍ക്കും ഇത് പറ്റാതിരിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. ഉത്തരവാദികളായ പ്രതികളെ അറസ്റ്റു ചെയ്യാന്‍, സ്ത്രീകളെ സംരക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കിന് വിലയുണ്ടെങ്കില്‍ നിർദേശം നല്‍കണം.

കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി എടുക്കണം. മുഖ്യമന്ത്രിയെ പോലെ ഒരാള്‍ അത് ചെയ്താല്‍ കേരളത്തില്‍ ഒരിടത്തും ഇത്തരം സംഭവം ആവര്‍ത്തിക്കപ്പെടില്ല. അങ്ങ് പ്രതികളെയും വൃത്തികേട് കാണിച്ച പൊലീസുകാരെയും സംരക്ഷിച്ചാല്‍ കേരളം മുഴുവന്‍ ഇത് ആവര്‍ത്തിക്കപ്പെടുമെന്നും വി.ഡി. സതീശിൻ പറഞ്ഞു.
 

Tags