രക്തസാക്ഷിയെയുണ്ടാക്കി ശ്രദ്ധതിരിക്കാനാണ് കലാപാഹ്വാനം നടത്തി ഞങ്ങളെ പ്രകോപിപ്പിക്കുന്നത് : വി ഡി സതീശന്‍

google news
vd satheesan

രഹസ്യമൊഴി നല്‍കിയതിന് ശേഷമുള്ള സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ സൃഷ്ടിച്ച വിവാദങ്ങളില്‍ നിന്ന് രക്ഷനേടാനായി രക്തസാക്ഷിയെ സൃഷ്ടിക്കാനാണ് സിപിഐഎം കെണി ഒരുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 

പ്രതിപക്ഷത്തെ പരമാവധി പ്രകോപിപ്പിക്കാനാണ് ഭരിക്കുന്ന പാര്‍ട്ടി ശ്രമിക്കുന്നത്. ഒരു പാവപ്പെട്ട പ്രവര്‍ത്തകനെ രക്തസാക്ഷിയാക്കി ചുവപ്പുപുതപ്പിച്ച് രക്ഷപ്പെടാനുള്ള കെണിയില്‍ പ്രതിപക്ഷം വീഴില്ലെന്ന് വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 

ഭരണകക്ഷി എംഎല്‍എമാരുള്‍പ്പെടെ പരസ്യമായി കലാപാഹ്വാനം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫിസാണ് ഇതിനെല്ലാം നേതൃത്വം നല്‍കുന്നത്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പുറത്തിറങ്ങിയാല്‍ കൈകരുത്ത് കാട്ടുമെന്ന് ഒരു എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിട്ടിട്ടും നടപടിയുണ്ടായില്ല. 

വനിതാ നേതാക്കളെ അസഭ്യം പറഞ്ഞും പ്രകോപിപ്പിക്കുന്നുണ്ട്. വീണ എസ് നായര്‍ക്കെതിരെ കേട്ടാല്‍ അറയ്ക്കുന്ന അശ്ലീലം പറഞ്ഞിട്ടും വനിതാ കമ്മിഷന്‍ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് ക്രിമിനലുകളെ വിട്ട ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്ന് വി ഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് വീണ്ടും വഴിവിട്ട അമിതാധികാരശക്തികളുടെ കേന്ദ്രമായി മാറുന്നു. ധാര്‍ഷ്ട്യം അതിരുകടന്നിരിക്കുന്നു. 

നാശത്തിലേക്കാണ് സര്‍ക്കാരിന്റെ പോക്കെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ഏവിയേഷന്‍ നിയമപ്രകാരം കേസെടുത്തോളൂ എന്നാല്‍ വധശ്രമത്തിന് കേസെടുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും എം വി ജയരാജനാണ് അവരെ ആക്രമിച്ചതെന്നും വി ഡി സതീശന്‍ തിരിച്ചടിച്ചു.

Tags