ഇരട്ട ജീവപര്യന്തം കിട്ടിയ ക്രിമിനലുകളെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീവ്രവാദ സംഘടനയോ?; സി.പി.എമ്മിന് ഭാവിയില്‍ ദുഃഖിക്കേണ്ടി വരും; വി ഡി സതീശൻ

 VD Satheesan
 VD Satheesan

തിരുവനന്തപുരം: പെരിയയില്‍ രണ്ട് കുഞ്ഞുങ്ങളെ ക്രൂരമായി കൊന്ന കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ കിട്ടിയ ക്രിമിനലുകളെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീവ്രവാദ സംഘടനയാണോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.  സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി വളര്‍ന്നു വരുന്ന തലമുറയ്ക്ക് എന്തു സന്ദേശമാണ് നല്‍കുന്നത്? ഇതുപോലെ ചെയ്താലും പാര്‍ട്ടി നിങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന സന്ദേശമല്ലേ എന്നും അദ്ദേഹം ചോദിച്ചു. കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാർത്ത സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെയാണ് പാര്‍ട്ടി നേതാക്കള്‍ ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്നതും ജയിലില്‍ എത്തി ആശ്വസിപ്പിക്കുന്നതും. രാഷ്ട്രീയ സമരങ്ങളില്‍ പങ്കെടുത്ത് ജയിലില്‍ പോയി പുറത്തിറങ്ങുന്നവര്‍ക്കാണ് സാധാരണ സ്വീകരണം നല്‍കുന്നത്. എന്നാല്‍ വളര്‍ന്നു വരുന്ന തലമുറയക്ക് ഏറ്റവും ഹീനമായ സന്ദേശമാണ് സി.പി.എം നല്‍കുന്നത്. അതില്‍ അവര്‍ക്ക് ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എന്‍.എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെഎന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പാര്‍ട്ടിയുടെ അന്വേഷണവുമായി മുന്നോട്ട് പോകും. അന്വേഷണ റിപ്പോര്‍ട്ട് വന്നാല്‍ അക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം എടുക്കും. പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. എഫ്.ഐ.ആര്‍ എടുത്തതിനെതിരെ ഞങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടി അന്വേഷണം പൊലീസ് അന്വേഷണത്തെ ബാധിക്കില്ല. 

പാര്‍ട്ടിക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി അന്വേഷണം. സി.പി.എമ്മിനെ പോലെ പാര്‍ട്ടി കോടതി അന്വേഷിച്ച് തീരുമാനം എടുക്കലല്ല. സമാന്തരമായി പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്. സി.പി.എമ്മില്‍ പൊലീസ് അന്വേഷണം ഉണ്ടാകാറില്ല, പാര്‍ട്ടി അന്വേഷണം മാത്രമെ നടക്കാറുള്ളൂ. 

രണ്ടു ദിവസം മുന്‍പാണ് എന്റെ മുന്നില്‍ പരാതി വരുന്നത്. എന്‍.എം വിജയനെ വ്യക്തിപരമായി അറിയാമായിരുന്നെങ്കിലും ഇതേക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. കെ.പി.സി.സി പ്രസിഡന്റിനും ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയില്ല. അറിഞ്ഞിരുന്നെങ്കില്‍ അപ്പോള്‍ തന്നെ ഇടപെടുമായിരുന്നു. കുടുംബത്തിന് പാര്‍ട്ടി നേതാക്കള്‍ വഴി സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ടോ, അതാണോ ആത്മഹത്യയ്ക്ക് കാരണം എന്നൊക്കെ അന്വേഷിക്കണം. 

വ്യക്തികളാണെങ്കിലും പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് ഇരിക്കുന്നവരാണ് ചെയ്തതെങ്കില്‍ പാര്‍ട്ടിക്ക് കുടുംബത്തോട് ഉത്തരവാദിത്തമുണ്ട്. കേസ് ഒതുക്കി തീര്‍ക്കാനല്ല, കുടുംബത്തെ എങ്ങനെ സഹായിക്കാം എന്നാണ് പാര്‍ട്ടി ആലോചിക്കുന്നത്. പാര്‍ട്ടി അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് വന്നതിനു ശേഷം അതില്‍ തീരുമാനം എടുക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ പാര്‍ട്ടി സമിതി അന്വേഷണം നടത്തുന്നതിനിടയില്‍ അതേക്കുറിച്ച് പറയുന്നത് ഉചിതമല്ല. സത്യസന്ധവും നീതിപൂര്‍വകവുമായ നടപടിയെ സ്വീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. പി.വി അന്‍വറുമായി ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്നും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം പാര്‍ട്ടിയും യു.ഡി.എഫും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags