'ദയനീയമായ സ്ഥിതിയാണ് കേരളത്തിലുള്ളത്' ; വില നോക്കേണ്ട സാധനം കിട്ടിയാല്‍ പോരെയെന്ന മന്ത്രിയുടെ വാദം വിചിത്രമെന്ന് വി.ഡി. സതീശൻ

vds
vds

കൊച്ചി: വിലക്കയറ്റം നിയന്ത്രിക്കേണ്ട സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിച്ചു കൊണ്ട് ഓണച്ചന്ത തുടങ്ങുന്നത് കേരളത്തില്‍ ആദ്യമായാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഓണച്ചന്ത തുടങ്ങുമ്പോള്‍ സാധനങ്ങളുടെ വില കൂട്ടുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. ഉത്സവകാലത്ത് പൊതുവിപണിയിലുണ്ടാകുന്ന വിലക്കയറ്റം തടയുന്നതിന് വേണ്ടിയുള്ള വിപണി ഇടപെടലിന്റെ ഭാഗമായാണ് സപ്ലൈകോ ഓണച്ചന്തകള്‍ തുടങ്ങുന്നത്.

വിലയുടെ കാര്യം നോക്കേണ്ട, സാധനം കിട്ടിയാല്‍ പോരെയെന്ന മന്ത്രിയുടെ വാദം വിചിത്രമാണ്. വില കൂട്ടിക്കൊണ്ട് വിപണി ഇടപെടല്‍ നടത്തുന്ന ഇതുപോലൊരു സര്‍ക്കാരിനെ കേരളം ഇതുവരെ കണ്ടിട്ടില്ല. ദയനീയമായ സ്ഥിതിയാണ് കേരളത്തിലുള്ളത്.

ഓണക്കാലത്ത് വില വര്‍ധിക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ തന്നെ ഒരുക്കിക്കൊടുത്തിരിക്കുകയാണ്. ഇതാണ് ഇവര്‍ ജനങ്ങളോട് ചെയ്യുന്ന ക്രൂരത. ഇതിനിടയിലാണ് ഭരണത്തിന്റെ മറവില്‍ കൊലപാതകങ്ങളും സ്വര്‍ണം പൊട്ടിക്കലും ഉള്‍പ്പെടെയുള്ള കുത്സിത പ്രവര്‍ത്തികളും ചെയ്യുന്നത് -സതീശൻ പറഞ്ഞു.

അരിയടക്കമുള്ള സബ്സിഡി സാധനങ്ങളുടെ വിലയാണ് സർക്കാർ വർധിപ്പിച്ചത്. സബ്സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപരിപ്പിനും വില കൂട്ടി. ‘കുറുവ’യുടെ വില കിലോഗ്രാമിന് 30 രൂപയിൽ നിന്നു 33 രൂപയാക്കി. തുവരപരിപ്പിന്റെ വില 111 രൂപയിൽനിന്ന് 115 രൂപയാക്കി.

കഴിഞ്ഞ ദിവസം മട്ട അരിയുടെ വിലയും 30 രൂപയിൽനിന്നു 33 രൂപയായി വർധിപ്പിച്ചിരുന്നു. പച്ചരിക്കും മൂന്നുരൂപ വര്‍ധിക്കും. പഞ്ചസാരക്ക് ആറു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ പഞ്ചസാരയുടെ വില 33 രൂപയായി. അതേസമയം, സബ്സിഡി ചെറുപയറിന്റെ വില 92 രൂപയിൽനിന്ന് 90 രൂപയായി കുറച്ചത് ആശ്വാസമായി. പൊതുവിപണിയിലേതിന് ആനുപാതികമായി സബ്സിഡി സാധനങ്ങളുടെയും വില പരിഷ്കരിക്കണമെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് വില വർധന.

13 ഇനം സബ്സിഡി സാധനങ്ങളിൽ നാലിനം അരിയില്‍ ‘ജയ’ക്കു മാത്രമാണ് വില വർധിപ്പിക്കാത്തത്. ഇ- ടെൻഡറിലൂടെ കിട്ടിയ ക്വട്ടേഷൻ ഉയർന്നതായതാണ് വില വർധനക്ക് കാരണമെന്നാണ് ഭക്ഷ്യവകുപ്പിന്‍റെ വിശദീകരണം.

Tags