57800 കോടി കേന്ദ്രത്തിൽ നിന്നും കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളം; ധനപ്രതിസന്ധിക്ക് കാരണം ധൂർത്തും അഴിമതിയും; വി ഡി സതീശൻ

vd satheesan

തിരുവനന്തപുരം: സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം നികുതി പിരിവിലെ പരാജയവും ധൂര്‍ത്തും അഴിമതിയും കെടുകാര്യസ്ഥതയുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. 57800 കോടി രൂപ കേന്ദ്രത്തില്‍ നിന്നും കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും ഊതിപ്പെരുപ്പിച്ച ഈ കണക്ക് നിയമസഭയില്‍ പ്രതിപക്ഷം പൊളിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സര്‍ക്കാര്‍ നടത്തുന്ന സമരത്തിന് പിന്തുണ നല്‍കേണ്ട ആവശ്യം കര്‍ണാടക സര്‍ക്കാരിനില്ല. കര്‍ണാടക നടത്തിയത് മറ്റൊരു സമരമാണ്. പതിനാലാം ധനകാര്യ കമ്മിഷനില്‍ നിന്നും പതിനഞ്ചാം ധനകാര്യ കമ്മിഷനിലേക്ക് മാറിയപ്പോള്‍ 2.5 ശതമാനം നികുതി വിഹിതം 1.92 ആയി കുറച്ചതിനെ കേരളത്തിലെ പ്രതിപക്ഷവും എതിര്‍ക്കുന്നുണ്ട്. യു.ഡി.എഫ് എം.പിമാര്‍ കേന്ദ്ര ധനകാര്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിലും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ ധനപ്രതിസന്ധിക്കെല്ലാം കാരണം കേന്ദ്രാവഗണനയാണെന്ന നരേറ്റീവ് ഉണ്ടാക്കിയെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും മറച്ചു വയ്ക്കാനാണ് ശ്രമം. അതുകൊണ്ടാണ് പ്രതിപക്ഷം ഡല്‍ഹി സമരത്തിന് പോകാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതിയിലും നിയമസഭയിലും ഡല്‍ഹിയിലും പരസ്പരവിരുദ്ധമായാണ് സര്‍ക്കാര്‍ സംസാരിക്കുന്നത്. 1995-ലെ പത്താം ധനകാര്യ കമ്മിഷനെയും പതിനഞ്ചാം ധനകാര്യ കമ്മിഷനെയും താരതമ്യപ്പെടുത്തിയുള്ള കണക്കാണ് സര്‍ക്കാര്‍ പറയുന്നത്. 14, 15 ധനകാര്യ കമ്മിഷന്റെ പ്രശ്‌നങ്ങളാണ് കര്‍ണാടക ചൂണ്ടിക്കാട്ടുന്നത്. അവര്‍ക്ക് വരള്‍ച്ച ദുരിതാശ്വാസം ഇതുവരെ കിട്ടിയിട്ടില്ല. എട്ട് മാസത്തിനിടെ 2000 രൂപ സ്ത്രീകള്‍ക്ക് നല്‍കുന്നത് ഉള്‍പ്പെടെയുള്ള നാല് പദ്ധതികളാണ് കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കിയത്. കേരളത്തില്‍ പെന്‍ഷന്‍ പോലും നല്‍കാത്ത സര്‍ക്കാരാണ്. ജീവനക്കാര്‍ക്കും കരാറുകാര്‍ക്കും ഉള്‍പ്പെടെ ആര്‍ക്കും പണം നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

വികസന- സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളും കേരളത്തില്‍ നടക്കുന്നില്ല. എന്നിട്ടാണ് വീണ്ടും കടമെടുക്കണമെന്ന് ആവശ്യപ്പെടുന്നത്. കടമെടുപ്പിന് പരിധി നിശ്ചയിക്കരുതെന്നാണ് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കടമെടുപ്പിന്റെ പരിധി കൂടി മാറ്റിയാല്‍ സംസ്ഥാനം എവിടെ പോയി നില്‍ക്കും? കേരളത്തെ രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് സര്‍ക്കാര്‍ തള്ളിവിട്ടിരിക്കുന്നത്. ധനപ്രതിസന്ധി സംബന്ധിച്ച് പ്രതിപക്ഷം രണ്ടു തവണ ഇറക്കിയ ധവളപത്രത്തില്‍ ഉള്‍പ്പെടെ മുന്നറിയിപ്പ് നല്‍കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന വിഹിതം 1.92 ശതമാനമാക്കിയിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞു. അന്നൊന്നും സമരം ഇല്ലായിരുന്നു. ഈ കമ്മിഷന്റെ കാലാവധി തീരാറായപ്പോഴാണ് സമരവുമായി ഇറങ്ങിയിരിക്കുന്നത്. നിലയില്ലാക്കയത്തിലായപ്പോള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ നുണ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് 18 മാസം പെന്‍ഷന്‍ മുടങ്ങിയെന്ന നുണ നിയമസഭയില്‍ പ്രതിപക്ഷം പൊളിച്ചു. അതുപോലുള്ള പച്ചക്കള്ളമാണ് 57800 കോടി രൂപ കേന്ദ്രത്തില്‍ നിന്നും കിട്ടാനുണ്ടെന്നത്. ഇതും ഞങ്ങള്‍ പൊളിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണം ഏത് രീതിയിലാണ് നടക്കുന്നതെന്ന് യു.ഡി.എഫ് നിരീക്ഷിക്കുകയാണ്. ലൈഫ് മിഷന്‍ കോഴക്കേസ് അന്വേഷിച്ച കേന്ദ്ര ഏജന്‍സി മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രിയുടെ മൊഴി പോലും എടുത്തില്ല. ഇതേക്കുറിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന് എന്തെങ്കിലും പറയാനുണ്ടോ? എക്‌സാലോജിക്കിനും സി.എം.ആര്‍.എല്ലിനും കെ.എസ്.ഐ.ഡി.സിക്കും എതിരെ അന്വേഷണം നടത്തുന്നതിനൊപ്പം മുഖ്യമന്ത്രിക്കെതിരെയും അന്വേഷണം നടത്തണം. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരാളുമായുള്ള ബന്ധമാണ് പണം നല്‍കാന്‍ കാരണമെന്നാണ് സ്റ്റാറ്റിയൂട്ടറി ബോഡിയുടെ കണ്ടെത്തല്‍. മുഖ്യമന്ത്രിയാണ് ഉന്നത സ്ഥാനത്ത് ഇരിക്കുന്നത്. ശരിയായി അന്വേഷിച്ചാല്‍ മുഖ്യമന്ത്രി കൂടി കേസില്‍ പ്രതിയാകും. പക്ഷെ എട്ട് മാസത്തേക്ക് അന്വേഷണ കാലാവധി നിശ്ചയിച്ചത് എന്തിനെന്ന് മാത്രം വ്യക്തമാകുന്നില്ല. എട്ട് മാസം അന്വേഷിക്കേണ്ട എന്ത് വിഷയമാണ് ഇതിലുള്ളതെന്ന് വ്യക്തമാകുന്നില്ല. 

മുഖ്യമന്ത്രിയുടെ മകളിലേക്ക് അന്വേഷണം എത്തുമോയെന്ന് കാത്തിരുന്ന് കാണാം. എല്ലാ കേസുകളും ഒത്തുതീര്‍പ്പിലേക്കാണ് എത്തുന്നത്. ഒത്തുതീര്‍പ്പിനുള്ള ഇടനിലക്കാര്‍ ഇപ്പോഴെ ഇറങ്ങിയിട്ടുണ്ട്. കരുവന്നൂര്‍ കേസ് ഒത്തുതീര്‍പ്പിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു. കേസ് ഇപ്പോള്‍ ഇഴഞ്ഞ് നീങ്ങുകയാണ്. അവസാനം തൃശൂര്‍ പാര്‍ലമെന്റ് സീറ്റില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുതീര്‍പ്പില്‍ കരുവന്നൂര്‍ കേസും അവസാനിക്കും. ഇവര്‍ ഒന്നിച്ചാണ് മത്സരിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തും. മതേതര മനസുള്ള കേരളം ഈ ഒത്തുതീര്‍പ്പിനെതിരെ ശക്തിയായി പ്രതികരിക്കും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയമുണ്ടാകും. 


രാത്രിയാകുമ്പോള്‍ പിണറായി വിജയനുമായി സംസാരിച്ച് ഒത്തുതീര്‍പ്പുകള്‍ക്ക് ഇടനില നില്‍ക്കുന്ന ആളാണ് വി. മുരളീധരന്‍. കേന്ദ്രത്തിലെ സംഘപരിവാറും കേരളത്തിലെ സി.പി.എമ്മും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഇടനിലക്കാരനായാണ് മുരളീധരന്‍ പ്രവര്‍ത്തിക്കുന്നത്. അങ്ങനെയുള്ള ആളാണ് രാവിലെ വന്ന് യു.ഡി.എഫിനെതിരെ സംസാരിക്കുന്നത്. പിണറായിക്കെതിരെ ഏത് കേന്ദ്ര ഏജന്‍സി അന്വേഷിച്ചാലും അതെല്ലാം ഒത്തുതീര്‍പ്പിലാക്കിക്കൊടുക്കുന്നത് വി. മുരളീധരനാണ്. ഇതിനു പകരമായി മുരളീധരന്റെ വലംകൈ ആയ സുരേന്ദ്രനെ കുഴല്‍പ്പണക്കേസില്‍ നിന്നും പിണറായി രക്ഷിച്ചു. മുരളീധരന്‍ പകല്‍ ഒന്നും രാത്രിയില്‍ മറ്റൊന്നും പറയുന്ന ആളാണ്. 


സ്വകാര്യ സര്‍വകലാശാലകള്‍ പാടില്ലെന്ന് ഒരു മാസം മുന്‍പാണ് സി.പി.എം കേന്ദ്ര നേതൃത്വം പറഞ്ഞത്. കേന്ദ്ര നേതൃത്വവും എല്‍.ഡി.എഫും സി.പി.എമ്മും അറിയാതെ എങ്ങനെയാണ് ഇത്തരമൊരു തീരുമാനം എടുത്തത്? ഉന്നതവിദ്യാഭ്യാസ മന്ത്രി പോലും ഇക്കാര്യം അറിഞ്ഞില്ലെന്നത് അവരുടെ പ്രതികരണത്തില്‍ വ്യക്തമാണ്. ആരും അറിയാതെ എവിടെ നിന്നാണ് സ്വകാര്യ സര്‍വകലാശാല കെട്ടിയിറക്കിയത്. എന്തൊരു സമരമായിരുന്നു സ്വകാര്യ സര്‍വകലാശാലയ്‌ക്കെതിരെ. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് സ്വകാര്യ സര്‍വകലാശാലയെ കുറിച്ച് ആലോചന വന്നപ്പോള്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്ന ടി.പി ശ്രീനിവാസനെ കൊച്ചുമകനാകാന്‍ പ്രായമുള്ള ഒരുത്തനെക്കൊണ്ട്  കരണത്തടിപ്പിച്ച പാര്‍ട്ടിയാണ് സി.പി.എം. ടി.പി ശ്രീനിവാസന്റെ കാലില്‍ വീണ് മാപ്പപേക്ഷ നടത്തുകയാണ് സി.പി.എം ആദ്യം ചെയ്യേണ്ടത്. അതിനായി മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ പോയാലും കുഴപ്പമില്ല. സി.പി.എം തീവ്രവലതുപക്ഷ പാര്‍ട്ടിയായി മാറിയിരിക്കുകയാണ്. 

വിദേശ സര്‍വകലാശാലകളില്‍ ആവശ്യമായ നിബന്ധനകളും നിയന്ത്രണങ്ങളും സംസ്ഥാന സര്‍ക്കാരിന് ഉണ്ടാകണമെന്നതാണ് യു.ഡി.എഫ് നിലപാട്. സ്വാശ്രയ കോളജ് കൊണ്ടു വരാന്‍ ശ്രമിച്ചപ്പോള്‍ പോലും എന്തൊക്കെ സമരങ്ങളാണ് കേരളത്തില്‍ നടത്തിയത്. പുഷ്പനെ അറിയാമോയെന്ന് ചോദിച്ചുള്ള പാട്ടും വെടിവയ്പുമായി സമരം നടത്തിയവരാണ് വിദേശ സര്‍വകലാശാലകള്‍ക്ക് പച്ചപ്പരവതാനി വിരിക്കുന്നത്. ഇനിയും എന്തെല്ലാം കാണണം.

Tags