ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന് അറിയില്ലായിരുന്നു, അറിഞ്ഞപ്പോള്‍ തന്നെ ഫോട്ടോ പിൻവലിച്ചു : വി.എസ്. സുനിൽ കുമാർ

google news
sunil kumar

തൃശ്ശൂർ : ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നടൻ ടൊവിനോ തോമസിന്‍റെ ചിത്രം ഉപയോഗിച്ച സംഭവത്തിൽ വിശദീകരണവുമായി തൃശ്ശൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ.  ടൊവിനോ തെരഞ്ഞെടുപ്പ് കമീഷന്‍റെ ബ്രാൻഡ് അംബാസഡർ ആണെന്ന് അറിഞ്ഞിരുന്നില്ലെന്ന് സുനിൽ കുമാർ വ്യക്തമാക്കി. ഇക്കാര്യം അറിഞ്ഞപ്പോൾ തന്നെ ചിത്രം പിൻവലിച്ചു. നടനോടൊപ്പമുള്ള ചിത്രം പൂങ്കുന്നത്ത് വച്ച് എടുത്തതാണെന്നും സുനിൽ കുമാർ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്‍റെ ചിത്രം ഉപയോഗിച്ചതിൽ എതിർപ്പുമായി നടൻ ടൊവിനോ തോമസ് രംഗത്തെത്തിയിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍റെ അംബാസഡർ ആയതിനാൽ തന്‍റെ ചിത്രമോ തന്നോടൊപ്പമുള്ള ചിത്രമോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ടൊവിനോ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

തൃശൂർ ലോക്സഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ ടൊവിനോക്കൊപ്പമുള്ള ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ടൊവിനോയുടെ എഫ്.ബി. പോസ്റ്റിന് പിന്നാലെ ചിത്രം സമൂഹ മാധ്യമത്തിൽ നിന്ന് സുനിൽ കുമാർ നീക്കി.
ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്:

എല്ലാ ലോക്സഭ സ്ഥാനാർഥികൾക്കും എന്റെ ആശംസകൾ.

ഞാൻ കേരള തെരഞ്ഞെടുപ്പ് കമീഷന്റെ SVEEP (Systematic Voters Education and Electoral Participation) അംബാസഡർ ആയതിനാൽ എന്റെ ഫോട്ടോയോ എന്നോടൊപ്പം ഉള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തെരഞ്ഞെടുപ്പ് ആശംസിക്കുന്നു.
 

Tags