പി.ആർ ഏജൻസികൾക്ക് നൽകിയ പണത്തിൻ്റെ കണക്ക് പുറത്ത് വിടണം : വി. മുരളീധരൻ
സ്വകാര്യ പി.ആർ ഏജൻസികളെ ഉപയോഗിച്ചുള്ള പ്രചാരവേലയ്ക്ക് കഴിഞ്ഞ എട്ട് വർഷം എത്ര തുക ചിലവഴിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജനത്തോട് പറയണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ.
1600 രൂപ ക്ഷേമപെൻഷന് മുട്ടാപ്പോക്ക് പറയുന്ന മുഖ്യമന്ത്രി, സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാൻ കോടികൾ ചിലവാക്കുകയാണ്. സർക്കാരിന് ഒരു പി.ആർ സംവിധാനമുണ്ട്. പ്രസ് സെക്രട്ടറിയും ജീവനക്കാരും ഉണ്ട്. ഇവരെ ഉപയോഗിച്ച് സർക്കാരിൻ്റെ വാർത്തകൾ നൽകാനാകുന്നില്ല എങ്കിൽ PRD പിരിച്ചു വിടട്ടെയെന്നും വി.മുരളീധരൻ പറഞ്ഞു.പിണറായി വിജയൻ്റെ ഈ പ്രചാരവേല കോവിഡ് സമയത്ത് തന്നെ താൻ ചൂണ്ടിക്കാട്ടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വർണക്കടത്തിൻ്റെയും ഹവാല ഇടപാടുകളുടെയും കേന്ദ്രമായി മലപ്പുറം മാറിയത് എങ്ങനെ എന്നതും മുഖ്യമന്ത്രി വിശദീകരിക്കണം.
ജില്ലയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് അറസ്റ്റിലായവരുടെ പേരുവിവരം സർക്കാർ പുറത്തുവിടണം. ആരെ സന്തോഷിപ്പിക്കാനാണ് യാഥാർഥ്യം തിരുത്താനും ഉരുണ്ടുകളിക്കാനും മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും വി. മുരളീധരൻ ചോദിച്ചു.
ഭീകരവാദ പ്രവർത്തനങ്ങളോട് സിപിഎമ്മും കോൺഗ്രസും മൃദുസമീപനം തുടരുകയാണെന്നും വി. മുരളീധരൻ മുംബൈയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.