അഞ്ഞൂറ് വിദ്യാർത്ഥികൾക്ക് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ പരിശീലനം നൽകും: വി അബ്ദുറഹിമാൻ

v abdurahiman
v abdurahiman

സംസ്ഥാനത്തെ നിയോജകമണ്ഡലങ്ങളിൽ ആരംഭിച്ച ഗോൾ പദ്ധതിയിലൂടെ അഞ്ചു ലക്ഷം സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഫുട്ബോൾ പരിശീലനം നൽകുമെന്നും അതിൽ മികവു പുലർത്തുന്ന അഞ്ഞൂറ് വിദ്യാർത്ഥികൾക്ക് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷന്റെ പരിശീലനം ലഭ്യമാക്കുമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. ഇതിനായുള്ള സന്നദ്ധത അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചതായി മന്ത്രി പറഞ്ഞു.  പൊതുവിദ്യാഭ്യാസ വകുപ്പും കായിക വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘ഒരു സ്‌കൂൾ ഒരു ഗെയിം’ പദ്ധതിയുടെ സ്പോർട്സ് കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തൈക്കാട് ഗവ. എച്ച്എസ്എസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

  ജനുവരിയിൽ നടന്ന കായിക ഉച്ചകോടിയിലൂടെയാണ്  ഒരു സ്‌കൂൾ ഒരു ഗെയിം എന്ന ആശയം ലഭിച്ചത്. പ്രമുഖ ബ്രാൻഡായ ഡക്കാത്തലോണുമായി സഹകരിച്ചാണ് സംസ്ഥാനമൊട്ടാകെ പദ്ധതി നടപ്പിലാക്കുന്നത്.  പ്രൈമറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് കായിക ഇനങ്ങൾ പരിചയപ്പെടുത്തുന്നതിനായി 55 സ്‌കൂളുകളിൽ ആരംഭിച്ച ഹെൽത്തി കിഡ്സ് പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കും. കായിക അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ രണ്ടായിരത്തി അഞ്ഞൂറു കോടി രൂപ ചെലവിട്ടു. വിദ്യാലയങ്ങളിലെ ഗ്രൗണ്ടുകളുടെ സൗകര്യം വിപുലൂകരിക്കുന്നതിനാണ് കൂടുതൽ തുക വിനിയോഗിച്ചത്.  സ്പോർട്സ് പൂർണമായും പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് വിഭ്യാഭ്യാസ വകുപ്പുമായി ചർച്ചകൾ നടത്തിവരികയാണ്.

 ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയിലൂടെ 465 കളിക്കളങ്ങളാണ് ഒരുക്കുന്നത്. ഇത്തരത്തിലുള്ള ബൃഹത്തായ പദ്ധതികളിലൂടെ രാജ്യത്ത് കായിക പ്രവർത്തങ്ങൾക്കുള്ള മികച്ച സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

  പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് അദ്ധ്യക്ഷനായിരുന്നു. കായിക, യുവജനകാര്യ വകുപ്പ് ഡയറക്ടർ പി വിഷ്ണുരാജ് സ്വാഗതം ആശംസിച്ചു. പൊതു വിഭ്യാഭ്യാസ വകുപ്പ് സ്പോർട്സ് ഓർഗനൈസർ ഡോ. പ്രദീപ് സിഎസ്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, നഗരസഭ കൗൺസിലർ  മാധവദാസ് ജി, സ്‌കൂൾ പ്രിൻസിപ്പൽ പ്രമോദ് കെവി, ഹെഡ്മിസ്ട്രസ് ഫ്രീഡാമേരി, പിടിഎ പ്രസിഡന്റ് സുരേഷ് കുമാർ ആർ എന്നിവർ പങ്കെടുത്തു.

Tags