44 വർഷത്തിനുശേഷം‘ഹോർട്ടികൾച്ചർ’ ബിരുദം പുനരാരംഭിച്ച് കാർഷിക സർവകലാശാല

After 44 years, the University of Agriculture relaunched the 'Horticulture' degree
After 44 years, the University of Agriculture relaunched the 'Horticulture' degree

തൃശ്ശൂർ: 44 വർഷത്തിനുശേഷം ബിരുദകോഴ്സ് വീണ്ടും ആരംഭിച്ച് കേരള കാർഷിക സർവകലാശാല. ഇതോടെ ഹോർട്ടികൾച്ചർ കോഴ്സില്ലാത്ത സംസ്ഥാനം എന്ന പേര് ഒഴിവാകും. സർവകലാശാലാ രൂപവത്കരണസമയത്ത്‌ ആരംഭിക്കുകയും പിന്നീട് നിർത്തുകയും ചെയ്ത ബിരുദകോഴ്സാണ് സാധ്യതകൾ തിരിച്ചറിഞ്ഞ് വീണ്ടും ആരംഭിക്കുന്നത്.

തോട്ടവിള, സുഗന്ധവ്യഞ്ജന, പച്ചക്കറി കൃഷികളേറെയുള്ള കേരളത്തിൽ കോഴ്സ് അവശ്യമാണെന്ന് സർവകലാശാല ഗവേഷണവിഭാഗം മുൻ അസോസിയേറ്റ് ഡയറക്ടർ ഡോ. സി. നാരായണൻകുട്ടി പറഞ്ഞു. ഹോർട്ടികൾച്ചർ രംഗത്ത് ജോലിസാധ്യതകൾ ഏറെയാണെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാനിക്കരയിൽ ഹോർട്ടികൾച്ചർ, തിരുവനന്തപുരം വെള്ളായണിയിൽ അഗ്രികൾച്ചർ എന്നീ ബിരുദകോഴ്സുകളാണ് ആദ്യസമയത്ത് സർവകലാശാല തുടങ്ങിയത്. വെള്ളാനിക്കരയിലെ കോളേജിന് ഹോർട്ടികൾച്ചർ കോളേജ് എന്ന് പേരുമിട്ടു. 1980-ൽ ദേശീയതലത്തിലെ ഏകീകരണവും മറ്റും ചൂണ്ടിക്കാട്ടി ഈ കോഴ്സ് അവസാനിപ്പിച്ചു. എന്നാൽ, കോളേജിന്റെ പേര് ഹോർട്ടികൾച്ചർ എന്നുതന്നെ തുടർന്നു.

2019-ൽ കോളേജിന്റെ പേരിലുള്ള കോഴ്സില്ലെന്ന കാരണത്താൽ ഐ.സി.എ.ആറിന്റെ അക്രെഡിറ്റേഷൻ ലഭിക്കില്ലെന്ന സാഹചര്യമുണ്ടായി. അതോടെ പേര് കോളേജ് ഓഫ് അഗ്രികൾച്ചർ എന്നാക്കി. അപ്പോൾ ഐ.സി.എ.ആറിന് നൽകിയ ഉറപ്പ് ഹോർട്ടികൾച്ചർ ബിരുദം ഉടനെ തുടങ്ങുമെന്നായിരുന്നു. എന്നാൽ, തീരുമാനം പിന്നെയും വൈകി.

കോഴ്സ് അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ വലിയ വിദ്യാർഥിപ്രക്ഷോഭമുണ്ടായി. ഹോർട്ടികൾച്ചർ ബിരുദകോഴ്സിലെ മൂന്നും നാലും വർഷ ബാച്ചുകളിലെ വിദ്യാർഥികൾ നേതൃത്വം നൽകിയ പ്രക്ഷോഭത്തിന് പുറമേനിന്ന്‌ പിന്തുണ ലഭിച്ചു. എന്നാൽ, ചർച്ചയിലൂടെ പ്രക്ഷോഭം അവസാനിപ്പിച്ചു.

Tags