സംസ്ഥാനത്തെ സർവകലാശാലകൾ ഓപ്പൺബുക്ക് പരീക്ഷയിലേക്ക്
തിരുവനന്തപുരം:സംസ്ഥാനത്തെ സർവകലാശാലകളെല്ലാം ഓപ്പൺബുക്ക് പരീക്ഷയിലേക്കു (പുസ്തകം തുറന്നുവെച്ചെഴുതുന്ന രീതി) മാറുന്നു. നവംബറിലെ ഒന്നാം സെമസ്റ്റർ പരീക്ഷയിൽ പഠനനേട്ടം (ഔട്ട് കം) അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയം നടപ്പാക്കും. പരീക്ഷാപരിഷ്കാരത്തിന്റെ ഭാഗമായി ഇത്തവണ ഓൺസ്‌ക്രീൻ പുനർമൂല്യനിർണയവുമുണ്ടാവും.
പ്രവേശനംമുതൽ പരീക്ഷാഫലംവരെയുള്ള വിവരം സൂക്ഷിക്കാൻ വിദ്യാർഥികൾക്ക് സവിശേഷ തിരിച്ചറിയൽ രേഖ ഉൾപ്പെടെ ലഭ്യമാക്കി സർവകലാശാലകളെ ‘കെ-റീപ്’ സോഫ്റ്റ്‌വേർ വഴി ഒരു കുടക്കീഴിലാക്കാനാണ് തീരുമാനം. കെ-റീപ്പിന് ഇനിയും ഒരു വർഷമെടുക്കുമെന്നതിനാൽ അതുവരെ സർവകലാശാലകളിൽ ഡിജിറ്റൽ ഫയൽ ഏർപ്പെടുത്തും. പരീക്ഷാനടത്തിപ്പിന് കോളേജുകൾക്ക് പ്രോട്ടക്കോൾ തയ്യാറാക്കി നൽകാനാണ് നിർദേശം.
ഏകീകൃത അക്കാദമിക കലണ്ടർ അനുസരിച്ചുള്ള ഒന്നാം സെമസ്റ്റർപരീക്ഷ നവംബർ രണ്ടുമുതൽ 22 വരെ കോളേജുകൾതന്നെ നടത്തും.തുടർന്ന്, ഡിസംബർ രണ്ടിനു മാത്രമേ കോളേജ് തുറക്കൂ. ഇതിനിടെയുള്ള അവധിക്കാലത്ത് കോളേജുകളിൽ മൂല്യനിർണയം നടക്കും. കോളേജുകൾ അടച്ചിട്ടുള്ള മൂല്യനിർണയം പാടില്ല. ഡിസംബർ 22-നുള്ളിൽ പരീക്ഷാഫലം പ്രസിദ്ധീകരിക്കും.
വിദേശസർവകലാശാലകളിലെ രീതിയാണ് പഠനനേട്ടം അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയം. ഒരു സെമസ്റ്റർ കാലയളവിൽ വിദ്യാർഥിയുടെ ധാരണ, ഓർമ്മ, പ്രയോഗം, വിശകലനം, മൂല്യനിർണയം, സൃഷ്ടിപരത എന്നീ അഞ്ചുഘടകങ്ങൾ വിലയിരുത്തുന്നതാണ് ഈ രീതി.ഒന്നാം സെമസ്റ്ററിൽ ഇതു പരിചയപ്പെടുത്തി, പ്രയോഗിച്ചശേഷം രണ്ടാംസെമസ്റ്റർ മുതൽ ‘ഓപ്പൺബുക്ക്’ നടപ്പാക്കാനാണ് ആലോചന.