മാർഗ തടസം സൃഷ്ടിച്ചു; മാധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകി കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി

suresh gopi
suresh gopi

തൃശൂർ: മാധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകി കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർഗ തടസം സൃഷ്ടിച്ചെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നുമാണ് പരാതിയിലെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി. രാമനിലയം ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.

അതേസമയം നേരത്തെ സുരേഷ് ഗോപി തൃശ്ശൂർ രാമനിലയത്തിൽ വെച്ച് തൃശ്ശൂരിലെ മാധ്യമ പ്രവർത്തകരോട് അപമാനകരമായ രീതിയിൽ സംസാരിക്കുകയും, അവരെ കയ്യേറ്റം ചെയ്യുകയും ചെയ്‌തെന്ന് മുൻ എംഎൽഎ അനിൽ അക്കര നൽകിയ പരാതി നൽകിയിരുന്നു. പരാതിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിക്കാനിരിക്കുകയായിരുന്നു. പരാതിയിൽ തൃശൂർ എസിപി നാളെ രാവിലെ 11 മണിക്ക് അനിൽ അക്കരയുടെ മൊഴി രേഖപ്പെടുത്തും.

ഓഗസ്റ്റ് 27നായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പ്രകോപനപരമായി പെരുമാറിയത്. ലൈം​ഗികാരോപണം നേരിടുന്ന മുകേഷ് രാജിവെക്കുന്നതുമായി ബന്ധപ്പെട്ട ചോ​ദ്യത്തിൽ രാവിലെ തന്നെ പ്രകോപനപരമായി പ്രതികരിച്ചിരുന്ന സുരേഷ് ​ഗോപി, വീണ്ടും വിഷയത്തില്‍ പ്രതികരണം തേടിയപ്പോഴാണ് മാധ്യമപ്രവർത്തകരെ പിടിച്ചുതള്ളിയത്. തൃശൂരിൽ രാമനിലയത്തിൽ വച്ചായിരുന്നു സംഭവം.മാധ്യമ പ്രവ‍ർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ സൗകര്യമില്ലെന്ന് മറുപടി പറഞ്ഞുകൊണ്ട് സുരേഷ് ​ഗോപി ക്ഷുഭിതനായി മാധ്യമപ്രവർത്തകനെ തള്ളിമാറ്റുകയായിരുന്നു.  

Tags