ഭരണഘടനാ വിരുദ്ധ പരാമര്‍ശം ; സജി ചെറിയാനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും
കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി പറയുന്നത്.
വിവാദമായ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അഭിഭാഷകനായ ബൈജു എം നോയല്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറയുന്നത്.
കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിള്‍ ബെഞ്ച് വിധി പറയുന്നത്. സജി ചെറിയാന്റെ പരാമര്‍ശത്തില്‍ പ്രഥമദൃഷ്ട്യാ അവഹേളനമുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാന്‍ കേസ് അട്ടിമറിച്ചുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. ഈ സാഹചര്യത്തിലാണ് ഹര്‍ജിക്കാരന്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്.
കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, ച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു വിവാദ പ്രസംഗത്തിന്റെ ഭാഗം. പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങള്‍ എന്തുദ്ദേശിച്ചാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പരാമര്‍ശങ്ങള്‍ ഭരണഘടനയെ അവഹേളിക്കുന്നതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു.