യു. ഡി. എഫ് സംസ്ഥാനതല മലയോര സമര പ്രചരണയാത്ര ജനുവരി 25ന് ആരംഭിക്കും
തിരുവനന്തപുരം: വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ മലയോര സമര പ്രചരണ യാത്രയ്ക്ക് ജനുവരി 25 ശനിയാഴ്ച്ച വൈകുന്നേരം നാലുമണിക്ക് കരുവഞ്ചാലിൽ തുടക്കം കുറിക്കും. വന്യമൃഗങ്ങളുടെ ആക്രമത്തിൽ നിന്നും മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം ഉണ്ടാക്കുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് യാത്ര സംഘടിപ്പിക്കുന്നത്.
മലയോര മേഖലയിലെ കർഷകർ നിലവിൽ വലിയ പ്രതിസന്ധിയിലും, ദുരിതത്തിലുമാണ്. കാര്‍ഷിക മേഖലയിലെ തകർച്ച, വന്യമൃഗ ശല്യം , കാലാവസ്ഥാ വ്യത്യാനം തുടങ്ങിയ പ്രശ്നങ്ങൾ കർഷകരുടെ ജീവിതം ദുരിതത്തിലാക്കുന്നു. ഇത്തരത്തിലുള്ള അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളെ മുൻനിർത്തിയാണ് മലയോര സമര പ്രചരണ യാത്ര നടത്തുന്നത്.
ജനുവരി 25-ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയുടെ അധ്യക്ഷതയിൽ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ യാത്ര ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി പി. കുഞ്ഞാലിക്കുട്ടി സാഹിബ് മുഖ്യപ്രഭാഷണം നടത്തും, യു.ഡി.എഫിലെ പ്രമുഖ നേതാക്കളും പങ്കെടുക്കുമെന്ന് യു. ഡി എഫ് ജില്ലാ ചെയർമാൻ പിടി മാത്യു കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി എന്നിവർ അറിയിച്ചു.