വീട്ടമ്മയുടെ കാൽ കടിച്ചുമുറിച്ചു; പാലക്കാട് കുഴൽമന്ദത്ത് രണ്ടു കാട്ടുപന്നികളെ വെടിവച്ചു കൊന്നു

google news
wild boar

പാലക്കാട്: കുഴൽമന്ദത്ത് രണ്ടു കാട്ടുപന്നികളെ വെടിവച്ചു കൊന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ. ഇന്നലെ കുഴൽമന്ദത്ത് സ്ത്രീയുടെ കാൽ കാട്ടുപന്നി കടിച്ചുമുറിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വനം വകുപ്പ് നടപടി.

വീടിനു പിന്നിൽ കരിയിലകള്‍ അടിച്ചുകൂട്ടുകയായിരുന്ന തത്ത എന്ന സ്ത്രീയ്ക്ക് നേരെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. കാട്ടുപന്നി ഇവരുടെ മേലേക്ക് ചാടിവീഴുകയായിരുന്നു. കുതറിമാറാൻ ശ്രമിച്ചെങ്കിലും വലതുകാലില്‍ പന്നി കടിച്ചുപിടിച്ചു. ഏറെ നേരം കടിച്ചുപിടിച്ച ശേഷം മാത്രമാണ് പന്നി തത്തയെ വിട്ടത്. അപ്പോഴേക്ക് കാല്‍മുട്ടിനും കണങ്കാലിനുമിടയിലായി മാംസം നഷ്ടപ്പെട്ടു. 

തുടർന്ന് ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ തത്ത നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. 

പതിവായി കാട്ടുപന്നി ആക്രമണം നടക്കുന്ന പ്രദേശമാണിത്. പലതവണ ഈ പ്രശ്നമുന്നയിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഫലമുണ്ടായിരുന്നില്ല.